ന്യുദല്‍ഹി- കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകരടക്കം നിരവധി വനിതകള്‍ രംഗത്തെത്തിയതോടെ ഇപ്പോള്‍ നൈജീരിയ സന്ദര്‍ശിക്കുന്ന അക്ബറിനോട് യാത്ര വെട്ടിച്ചുരുക്കി ഉടന്‍ ഇന്ത്യയില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച തന്നെ അക്ബര്‍ നൈജീരിയയില്‍ നിന്ന് തിരിച്ചെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണൊമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായി ലൈംഗിക പീഡനങ്ങളുടെ കഥ വിവരിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. അക്ബറിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസ് അക്ബറിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള അക്ബര്‍ ഇതു സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അക്ബര്‍ ഉള്‍പ്പെട്ട പീഡന വിവാദം സര്‍ക്കാരിലെയും ഭരണകക്ഷിയായ ബി.ജെ.പിയിലേയും ഉന്നതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വിഷയം പരിഗണനയിലാണെന്നും അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കേണ്ടതുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞതായി റിപോര്‍ട്ടിലുണ്ട്. ഈ വിഷയം സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. പ്രധാനമന്ത്രി പ്രധാന്യം നല്‍കുന്ന വിഷയമാണ്. അത് കൊണ്ടു ഒരിക്കലും അവഗണിക്കാനാവില്ല. അക്ബറിനെതിരെ ഉയര്‍ന്ന് ചലി പരാതികള്‍ ഗൗരവമേറിയതാണ്. അവ പരിശോധിച്ചു വരികയാണ്. പെട്ടെന്നോരു തീരുമാനം ഉണ്ടാകില്ല- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അക്ബറിന്റെ രാജിവയ്ക്കുകയോ അല്ലെങ്കില്‍ ആരോപണങ്ങല്‍ക്ക് മറുപടി നല്‍കുകയോ വേണെന്ന് ബുധനാഴ്ച കോണ്‍ഗ്രസ് ആവശ്യപ്പെട്ടതോടെ വിഷയം രാഷ്ട്രീയ പോരായി മാറി. മോഡി സര്‍ക്കാരിലെ ഉന്നത വനിതാ മന്ത്രിമാരായ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമാനും മന്ത്രി അക്ബറിനെതിരെ ഉയര്‍ന്ന് ലൈംഗിക പീഡന ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല.
ഓഫീസില്‍ വച്ച് സമ്മതമില്ലാതെ ശരീര ഭാഗങ്ങളില്‍ പിടിക്കുന്നതും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും ഫോണ്‍ സല്ലാപം നടത്തുന്നതും അക്ബറിന്റെ പതിവാണെന്ന് വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക പ്രിയ രമണി അടക്കം പല വനിതാ മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. വഴങ്ങാത്തവരോട് അക്ബര്‍ ക്രൂരമായ പ്രതികാരം ചെയ്‌തെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അക്ബര്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നതോടെ വിവാദം ആളിപ്പടരുമെന്ന് ഉറപ്പായി.