രൂപ ഇടിഞ്ഞിട്ടും ഇന്ത്യ പിടിച്ചു നില്‍ക്കുന്നത് എങ്ങനെ? പ്രതിസന്ധിയില്‍ ശരിക്കും രക്ഷകരായി പ്രവാസികള്‍

മുംബൈ- ഡോളറിനെതിരെ രൂപ റെക്കോര്‍ഡുകള്‍ ഭേദിച്ച് കൂപ്പുകുത്തുന്നതും എണ്ണ വില കുതിച്ചുയരുന്നതും മൂലം ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ ഇറക്കുമതി കയറ്റുമതി വ്യാപാരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യ വ്യതിയാനം കാരണം കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നത് തടയാനുള്ള ഒരു മാര്‍ഗമായി ഇപ്പോള്‍ രണ്ടു കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്കയക്കുന്ന പണത്തെയാണ് സര്‍ക്കാര്‍ കാണുന്നത്. ഡോളറിന്റെ മൂല്യം കൂടുന്നതിനനുസരിച്ച് രാജ്യം കയറ്റുമതി ചെയ്യുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും മൂല്യത്തെ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും മൂല്യം മറികടക്കുന്നതു മൂലം ഉണ്ടാകുന്ന പ്രതിസന്ധി രൂക്ഷമാകാതെ തടഞ്ഞു നിര്‍ത്തുന്നത് പ്രവാസികളെ നാട്ടിലേക്കയക്കുന്ന പണമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഈ പണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ മറ്റു വികസ്വര വിപണികള്‍ നേരിട്ടതു പോലുള്ള വലിയ പ്രതിസന്ധി ഇന്ത്യയ്ക്കും നേരിടേണ്ടി വരുമായിരുന്നു. കറന്‍സി മൂല്യം ഇടിഞ്ഞതു മൂലം തുര്‍ക്കിക്കും അര്‍ജന്റീനയ്ക്കും ഉണ്ടായ ഗതി ഇന്ത്യയ്ക്കു വരാത്തതിനു കാരണവും ഇതാണ്- സാമ്പത്തിക വിശകലന ഏജന്‍സിയായ ക്യാപിറ്റല്‍ ഇക്കണൊമിക്‌സ് വിലയിരുത്തുന്നു. വിദേശത്തു നിന്നെത്തുന്ന പണമാണ് ഇന്ത്യയുടെ സുപ്രധാന ഫണ്ടിങ് സ്രോതസ്സ്. എന്നാല്‍ ഇത് വേണ്ടത്ര പ്രശംസിക്കപ്പെടുന്നില്ല- ക്യാപിറ്റല്‍ ഇക്കണൊമിക്‌സിലെ ഇന്ത്യാ വിദഗ്ധന്‍ ശൈലന്‍ ഷാ പറയുന്നു.

കഴിഞ്ഞ വര്‍ഷം 69 ശതകോടി ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചതെന്ന് ലോക ബാങ്ക് കണക്കുകള്‍ പറയുന്നു. രാജ്യത്തിന്റെ ജി.ഡി.പിയുടെ മൂന്ന് ശതമാനം വരുമിത്. വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പ്രവാസികളില്‍ നിന്നുള്ള ഈ പണമൊഴുക്കാണ് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാന്‍ വലിയൊരളവ് സഹായിക്കുന്നത്. ഇതില്ലായിരുന്നുവെങ്കില്‍ സാമ്പത്തിക വര്‍ഷം പകുതിയാകുമ്പോഴേക്കും കറന്റ് അക്കൗണ്ട് കമ്മി ഇപ്പോഴത്തെ രണ്ടു ശതമാനത്തിനു പകരം ജി.ഡി.പിയുടെ അഞ്ച് ശതമാനത്തോളം ഉയരുമായിരുന്നു. വരും വര്‍ഷങ്ങളിലും പ്രവാസികളുടെ പണമയക്കലില്‍ അഞ്ചോ ആറോ ശതമാനം വര്‍ധന ഉണ്ടാകണം. എങ്കിലെ കറന്റ് അക്കൗണ്ട് കമ്മി രണ്ടു ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാകൂവെന്നും ക്യാപിറ്റല്‍ ഇക്കണൊമിക്‌സിലെ സാമ്പത്തിക ഗവേഷകര്‍ പറയുന്നു.

യുഎസ് സാമ്പത്തിക നയങ്ങള്‍ കടുപ്പിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 14 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഏഷ്യയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. 80 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ എണ്ണ ഇറക്കുമതിയും ഇതോടെ ചെലവേറി. ഈ വിലയിടിവ് പ്രവാസികളുടെ പണമയക്കലിനെ ത്വരിതപ്പെടുത്തിയേക്കാം. ഇത് ഇനിയും വര്‍ധിക്കേണ്ടതുണ്ട്. ഇതുവഴി മറ്റു മാര്‍ഗങ്ങളെ കൂടുതല്‍ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനാകും- ഷാ പറയുന്നു.
 

Latest News