ഭുവനേശ്വര്‍- തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് ഓഡീഷ തീരത്തെത്തി. ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂര്‍ തീരത്താണ് മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞുവിശുന്ന കൊടുങ്കാറ്റെത്തിയത്. ആന്ധ്രാപ്രദേശിലെ കലിംഗപട്ടണം തീരത്തും ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചുവരികയാണ്. ഇവിടെ 56 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റു വീശുന്നത്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വ്യാപകമായി കടപുഴകി. നിരവധി കുടിലുകളും തകര്‍ന്നതായുള്ള റിപോര്‍ട്ടുകള്‍ വന്നു തുടങ്ങിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഗോപാല്‍പൂര്‍, ബെഹ്‌റാംപൂര്‍ എന്നിവിടങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുമ്പ് തന്നെ മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. ഒഡീഷയില്‍ ഗഞ്ചം, ഗജപതി, പുരി, ഖുര്‍ദ, ജഗത്സിങ്പൂര്‍ ജില്ലകളില്‍ കനത്ത മഴ പെയ്യുകയാണ്. ഇവിടങ്ങളില്‍ ശക്തമായ കാറ്റുമുണ്ട്.
മഴയെ തുടര്‍ന്നുണ്ടായേക്കാവുന്ന പ്രളയ സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങിയതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. കനത്ത മഴ പെയ്യുന്ന ഗഞ്ചം, പുരി, ഖുര്‍ദ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും തീരദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയും ഒഡീഷ ദുരന്ത ധ്രുത കര്‍മ സേനയും ദുരന്തസാധ്യതയുള്ള മേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.