റിയാദ് - ഇത്തവണത്തെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദി അറേബ്യ മറ്റൊരു ലോക റെക്കോർഡ് കൂടി സ്വന്തമാക്കി. ലോകത്ത് ഒരേസമയം ഏറ്റവുമധികം കരിമരുന്ന് പ്രയോഗം നടത്തിയതിനുള്ള റെക്കോർഡ് ആണ് സൗദി അറേബ്യ സെപ്റ്റംബർ 23 ന് സ്ഥാപിച്ചത്. ലോക റെക്കോർഡ് സ്ഥാപിച്ചത് സ്ഥിരീകരിക്കുന്ന ഗിന്നസ് ബുക്ക് സർട്ടിഫിക്കറ്റ് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി കൈപ്പറ്റി.
നേരത്തെ ഫിലിപ്പൈൻസ് സ്ഥാപിച്ച റെക്കോർഡ് ആണ് സൗദി അറേബ്യ മറികടന്നത്. ഫിലിപ്പൈൻസ് 8,10,000 കരിമരുന്നുകളാണ് ഒരേസമയം പ്രയോഗിച്ചത്. ഇക്കഴിഞ്ഞ ദേശീയ ദിനത്തിന് സൗദി അറേബ്യ 9,62,168 കരിമരുന്നുകൾ പ്രയോഗിച്ചു. സൗദിയിലെ 58 സ്ഥലങ്ങളിലാണ് ഇത്രയും കരിമരുന്നുകൾ ഒരേസമയം ഉപയോഗിച്ചത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡ്രോണുകളും കരിമരുന്നുകളും ഉപയോഗിച്ച് റിയാദിലും ജിദ്ദയിലും ഏറ്റവും വലിയ ദേശീയപതാകകൾ ദൃശ്യവൽക്കരിച്ചതിന് നേരത്തെ സൗദി അറേബ്യ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിരുന്നു.