കൊച്ചി- മുസ്‌ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്നും പർദ ധരിക്കാൻ നിർബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ് ആണ് കോടതിയെ സമീപിച്ചത്.
മക്കയിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ലെന്നും മുസ്‌ലിം സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ പർദ ധരിക്കാൻ നിർബന്ധിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും ഹരജിയിൽ ആരോപിക്കുന്നു. ശബരി മലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു.