Sorry, you need to enable JavaScript to visit this website.

കേരളാ ബാങ്കിനെ യു.ഡി.എഫ്  എതിർക്കുമെന്ന് കെ.പി.എ മജീദ്

മലപ്പുറം- കേരളാ ബാങ്ക് സംവിധാനത്തെ യു.ഡി.എഫ് എതിർക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ ജില്ലാ ബാങ്കുകളും ജനറൽ ബോഡിയിൽ അനുകൂലമായി പ്രമേയം പാസാക്കിയാൽ മാത്രമേ കേരള ബാങ്ക് നിലവിൽ വരൂ. യു.ഡി.എഫ് ഭരണം നിലനിൽക്കുന്ന മലപ്പുറം, വയനാട്, കാസർകോട്, കോട്ടയം, ഇടുക്കി എന്നീ ജില്ലാ ബാങ്കുകളിൽ ജനറൽബോഡി യോഗത്തിൽ കേരള ബാങ്കിനെ എതിർക്കാനാണ് തീരുമാനം. കേരള ബാങ്ക് സർക്കാർ ആരംഭിക്കുന്നത് തന്നെ സഹകരണ മേഖലയുടെ നിയന്ത്രണം വരുതിയിലാക്കാനാണെന്നും കെ.പി.എ.മജീദ് ആരോപിച്ചു. കെ.എസ്.ആർ.ടി.സിയ്ക്ക് മുസ്ലിംലീഗ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിന്നു ധനസഹായം നൽകാൻ കഴിയില്ലെന്നും കെ.പി.എ.മജീദ് പറഞ്ഞു. സംസ്ഥാന സർക്കാർ പോലും ധനസഹായം നൽകാൻ മടിക്കുന്ന കെ.എസ്.ആർ.ടി.സിയ്ക്ക് തിരിച്ചുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാതെ നിക്ഷേപം നൽകാൻ സഹകരണ വകുപ്പിലെ ജോയിന്റ് രജിസ്ട്രാർമാർ ഭീഷണിപ്പെടുത്തുകയാണ്. ജീവനക്കാരെ ഭീഷണിപ്പെടുത്തി നിക്ഷേപം വാങ്ങുന്ന നിലപാടിനോട് യോജിക്കാനാകാനോ സഹകരിക്കാനോ കഴിയില്ല. പ്രളയത്തിനു നല്ല ധനസഹായം എല്ലാ സഹകരണ സംഘങ്ങളും നൽകിയതാണ്. സാമൂഹ്യക്ഷേമ പെൻഷൻ നൽകാനും സർക്കാർ സഹകരണ സംഘങ്ങളിൽ നിന്നാണ് ധനസമാഹരണം നടത്തിയത്. ഇതിനു ശേഷമാണ് തിരിച്ചുകിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത കെ.എസ്.ആർ.ടി.സിയ്ക്ക് ധനസഹായം നൽകാൻ നിർബന്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ.ലത്തീഫും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 

Latest News