Sorry, you need to enable JavaScript to visit this website.

റഫാൽ കള്ളക്കളി വീണ്ടും പുറത്ത് ; മോഡിക്ക് ഇരട്ട പ്രഹരം

നടപടിക്രമങ്ങൾ വ്യക്തമാക്കണമെന്ന് 
സുപ്രീം കോടതി ഉത്തരവ്

റിലയൻസിനെ ഉൾപ്പെടുത്താൻ കേന്ദ്രം 
നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ

ന്യൂദൽഹി/പാരീസ് -  ഫ്രാൻസുമായുള്ള ഇന്ത്യയുടെ റഫാൽ വിമാന ഇടപാടിൽ മോഡി സർക്കാറിന് ഇരട്ട പ്രഹരം. കരാർ സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങളും സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് തൊട്ടുപിറകെ  കേന്ദ്രത്തെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നു. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര സർക്കാറിന്റെയും കള്ളക്കളികൾ വ്യക്തമാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത് ഫ്രാൻസിലെ അന്വേഷണാത്മക മാധ്യമമായ മീഡിയപാർട്ടാണ്. യുദ്ധവിമാന നിർമാണത്തിൽ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്തണമെന്നത് മോഡി സർക്കാറിന്റെ നിർബന്ധിതവും അടിയന്തരവുമായ വ്യവസ്ഥയായിരുന്നുവെന്ന് മീഡിയപാർട്ട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇത് സംബന്ധിച്ച രേഖകളും മീഡിയപാർട്ട് പുറത്തുവിട്ടു. റഫാൽ നിർമാണ കമ്പനിയായ ദാസോ ഏവിയേഷന്റെ ആഭ്യന്തര രേഖകൾ ഉദ്ധരിച്ചാണ് വാർത്ത. 58,000 കോടി രൂപക്ക് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനായിരുന്നു ഇന്ത്യ-ഫ്രാൻസ് കരാർ. റഫാൽ ഇടപാട് ലഭിക്കണമെങ്കിൽ റിലയൻസ് ഡിഫൻസിനെ കരാറിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടതെന്നും മീഡിയപാർട്ട് വെളിപ്പെടുത്തുന്നു.  
റഫാൽ വിമാന ഇടപാടിൽ മോഡി സർക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. കരാറിലെ വിവരങ്ങൾ മുദ്ര വെച്ച കവറിൽ നൽകണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഉത്തരവിട്ടത്. റഫാൽ ഇടപാടിലെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട് മനസ്സിലാക്കാമെന്നും എന്നാൽ വിവരങ്ങൾ കോടതിക്ക് കൈമാറിക്കൂടേയെന്നും സുപ്രീം കോടതി ചോദിച്ചു. കേസിൽ എതിർകക്ഷി പ്രധാനമന്ത്രിയായതിനാൽ നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ഈ മാസം 29 നകം റഫാൽ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുദ്ര വെച്ച കവറിൽ കൈമാറാനാണ് ഉത്തരവിട്ടിരിക്കുന്നത്. റഫാൽ കരാറിൽ തീരുമാനമെടുത്തത് അടക്കമുള്ള കാര്യങ്ങൾ അറിയിക്കണം. ഇതിന്റെ വിലയിലേക്കോ യുദ്ധ വിമാനങ്ങളുടെ ആവശ്യകതയിലേക്കോ കടക്കുന്നില്ല. പക്ഷേ ഇടപാട് നടത്താൻ എടുത്ത തീരുമാനത്തിലേക്ക് എത്തിച്ച നടപടികൾ അറിയേണ്ടതുണ്ട് -കോടതി പറഞ്ഞു. ഫ്രാൻസിൽനിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയ ഇടപാടിൽ 59,000 കോടിയുടെ അഴിമതിയുണ്ടെന്നാണ് പരാതിക്കാരന്റെ വാദം. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, എസ്.കെ. കൗൾ എന്നിവരും ഈ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ ഉൾപ്പെടുന്നുണ്ട്. കരാറിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഡ്വ. വിനീത് ഡാണ്ടയാണ് കോടതിയെ സമീപിച്ചത്.
ഇതിനിടെ, റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ബി.ജെ.പി മുൻ കേന്ദ്ര മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ അരുൺ ഷൂരിയേയും മറ്റൊരു പ്രമുഖ നിയമജ്ഞനായ പ്രശാന്ത് ഭൂഷണിനെയും സി.ബി.ഐ തലവൻ നേരിട്ട് സന്ദർശിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തി. ഈ രണ്ട് പ്രമുഖ അഭിഭാഷകരും കഴിഞ്ഞയാഴ്ച സി.ബി.ഐ തലവനെ കണ്ട് റഫാൽ കരാറിലെ കാണാക്കുരുക്കുകൾ അഴിക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി അന്വേഷണം വേണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട മൂന്നാമൻ മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിൻഹയാണ്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സമ്മർദത്തിലാണ്. എന്തിനാണ് പ്രമാദമായ റഫാൽ ഡീലിൽ അന്വേഷണം ആവശ്യപ്പെട്ട പ്രമുഖ അഭിഭാഷകരെ സി.ബി.ഐ തലവൻ നേരിട്ട് കണ്ടതെന്ന് വ്യക്തമല്ല. സി.ബി.ഐ തലവൻ നേരിട്ട് പരാതിക്കാരെ കാണുന്നത് കേട്ടുകേൾവി പോലുമില്ലെന്നാണ് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ മോഡി മന്ത്രിസഭയിലെ മുതിർന്ന അംഗം പ്രതികരിച്ചെതന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
സാധാരണയായി പരാതി സി.ബി.ഐ ഓഫീസിന്റെ റിസപ്ഷനിൽ കൊടുക്കുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ജൂനിയർ ഓഫീസർമാർ വരെ ചെയ്യാത്ത കാര്യമാണിത്. സാധാരണ ഓഫീസർ പരാതിക്കാരെ കാണുന്നത് അന്വേഷണം ആരംഭിക്കുമ്പോഴാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം റഫാൽ ഇടപാടിൽ വിവരങ്ങൾ പുറത്ത് വിടണമെന്ന സുപ്രീം കോടതി നിർദ്ദേശവും കേന്ദ്ര സർക്കാരിനെ സമ്മർദത്തിലാക്കുന്നു. 
കഴിഞ്ഞ മാസം മീഡിയപാർട്ടിന് ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാങ്ക് ഹൊളാന്ദേ നൽകിയ അഭിമുഖത്തിലൂടെയാണ് റഫാൽ കരാർ സംബന്ധിച്ച് വിവാദം ഉയർന്നത്. റിലയൻസിനെ ഉൾപ്പെടുത്താതെ തങ്ങൾക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്നാണ് ഹൊളാന്ദേ പറഞ്ഞത്. ഇന്ത്യൻ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അടുത്ത ദിവസം ഫ്രാൻസിലേക്ക് പോകാനിരിക്കേയാണ് പുതിയ വെളിപ്പെടുത്തലുണ്ടായത് എന്നതും ശ്രദ്ധേയമാണ്. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ റഫാൽ അഴിമതി കോൺഗ്രസിന് വലിയ ആയുധമാകും.

Latest News