ലഖ്‌നൗ- രാഷ്ട്രീയത്തില്‍ പയറ്റാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരിശീലന കേന്ദ്രം തുടങ്ങുന്നു. 198 കോടി രൂപ ചെലവില്‍ ഗാസിയാബാദിലാണ് പൊളിറ്റിക്കല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 300 ഏക്കറിലേറെ വരുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന് ആദ്യ ഗഡുവായി 50 കോടി രൂപ അനുവദിച്ചതായി നഗര വികസന മന്ത്രി സുരേഷ്‌കുമാര്‍ ഖന്ന വാര്‍ത്താ ലേഖകരോട് പറഞ്ഞു. രാജ്യത്തു തന്നെ ആദ്യമായാണ് രാഷ്ട്രീയത്തിന്റെ എല്ലാ വശങ്ങളും പഠിപ്പിക്കുന്നതിന് പ്രത്യേക പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് സമ്പൂര്‍ണ പരിശീലനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പ്രായോഗിക പരിശീലനം, നിയമങ്ങള്‍, പെരുമാറ്റം തുടങ്ങി രാഷ്ട്രീയത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും കോഴ്‌സുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തലവന്മാര്‍, അംബാസഡര്‍മാര്‍ തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ക്ലാസെടുക്കാനെത്തും. ദല്‍ഹിയിലെത്തുന്ന പ്രമുഖര്‍ക്ക് എളുപ്പം സന്ദര്‍ശിക്കാനാകുന്നതിനാണ് ദേശീയ തലസ്ഥാന മേഖലയില്‍ തന്നെ പരിശീലന കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് നഗര വികസന വകുപ്പിന്റെ കീഴിലായിരിക്കും സ്ഥാപനം. അംഗീകാരത്തിനായി വിവിധ ദേശീയ സര്‍വകലാശാലകളുമായി ചര്‍ച്ച തുടങ്ങിയതായും മന്ത്രി വെളിപ്പെടുത്തി. രണ്ടു വര്‍ഷത്തിനകം ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തന സജ്ജമാകുമെന്നും പാഠ്യപദ്ധതി തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.