Sorry, you need to enable JavaScript to visit this website.

ശശി തരൂരിന്റെ നീളന്‍ ഇംഗ്ലീഷ്; മോഡിയെ കുറിച്ചെഴുതാന്‍ പ്രയോഗിച്ച 'ഒറ്റവാക്ക്' വൈറലായി

ന്യൂദല്‍ഹി- നാവു കുഴക്കുന്ന പുതിയൊരു നീളന്‍ ഇംഗ്ലീഷ് വാക്കുമായുള്ള കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ട്രപ്പീസുകളി സോഷ്യല്‍ മീഡിയക്ക് നല്ല വിഭവമായി. തരൂര്‍ പല വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുകളായി ചിരിപടര്‍ത്തിയും ചര്‍ച്ചയായും നിറഞ്ഞു നിന്നിട്ടുണ്ട്. ഇന്ന് അസാധാരണമായ, എന്നാല്‍ കുറിക്കു കൊള്ളുന്ന നീളന്‍ വാക്കാണ് തരൂര്‍ പ്രയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് താന്‍ എഴുതിയ പുതിയ പുസ്തകത്തിന്റെ പുറംചട്ടയുടെ ചിത്രത്തിനൊപ്പം ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവച്ച കുറിപ്പിലാണ് ഈ നീളന്‍ വാക്ക് പ്രയോഗിച്ചിരിക്കുന്നത്. പുതിയ പുസ്തകമെഴുതിയ ശ്രമത്തെ ഒറ്റവാക്കില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ തരൂര്‍ ഉപയോഗിച്ചത് 29 അക്ഷരങ്ങളുള്ള ഒറ്റവാക്കാണ്. floccinaucinihilipilification (ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍).

'ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍' എന്ന തരൂരിന്റെ പുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. പേരിനെ അന്വര്‍ത്ഥമാക്കും വിധം സ്വന്തം മെഴുകു പ്രതിമയില്‍ തൊട്ടുനോക്കുന്ന മോഡിയുടെ ചിത്രമാണ് പുസ്തകത്തിന്റെ കവര്‍. 400 പേജ് വരുന്ന ഈ പുസ്തകം എഴുതിയ ശ്രമത്തെ വിശേഷിപ്പിക്കാനാണ് തരൂര്‍ ഈ നീളന്‍ വാക്ക് ഉപയോഗിച്ചത്. ഒരു വസ്തുവിന്റെ വിലയില്ലായ്മ വിലയിരുത്തുന്ന നടപടി അല്ലെങ്കില്‍ സ്വഭാവം എന്നാണ് ഈ വാക്കിനര്‍ത്ഥം. മോഡിയെ കുറിച്ചെഴുതിയ ഈ ശ്രമം ഇതിനും അപ്പുറത്താണെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു.

ഏതായാലും ഈ നെടുനീളന്‍ വാക്കിനെ ചൊല്ലി ട്രോളോട് ട്രോളാണ് ട്വിറ്ററില്‍. തരൂരിന്റെ പുസ്തകത്തിനൊപ്പം ഒരു ഡിക്ഷനറി കൂടി വെറുതെ കിട്ടുമോ എന്നാണ് ഒരാള്‍ കമന്റിട്ടത്. തരൂരിന്റെ ഐഫോണിലെ സിരിക്ക് തരൂര്‍ പുതിയ വാക്കുകള്‍ അങ്ങോട്ടു പഠിപ്പിച്ചു കൊടുക്കലായിരിക്കുമെന്ന് മറ്റൊരാള്‍. 
 

Latest News