ബ്രിട്ടനിലെ ഏറ്റവും മാരകമായ ചിലന്തിയെന്ന് അറിയപ്പെടുന്ന ഫോള്‍സ് വിഡോ ഭീഷണി മൂലം ലണ്ടനിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഏഴ് സ്‌കൂളുകള്‍ ഇതിനോടകം അടച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി. കഴിഞ്ഞയാഴ്ച നാല് പ്രൈമറി സ്‌കൂളുകളും രണ്ട് സെക്കന്‍ഡറി സ്‌കൂളുകളും ചിലന്തി ബാധയെത്തുടര്‍ന്ന് അടച്ചിരുന്നു. ഈസ്റ്റ് ലണ്ടനിലെ ഒരു സ്‌കൂള്‍ കൂടി ഇന്നലെ അടച്ചതോടെ ഈ പ്രശ്‌നം മൂലം അടച്ച സ്‌കൂളുകള്‍ ഏഴായി. ഈസ്റ്റ്‌ലീ കമ്യൂണിറ്റി സ്‌കൂള്‍ ഇന്ന് അടക്കുമെന്നാണ് വിവരം. കുട്ടികള്‍ സ്‌കൂളില്‍ എത്തി ഹോംവര്‍ക്കുകള്‍ വാങ്ങണമെന്ന് സ്‌കൂളിലെ ഹെഡ്ടീച്ചര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാനിംഗ്ടൗണിലെ റോക്കെബി സെക്കന്‍ഡറി സ്‌കൂളിന് ഈ മാസം 29 വരെ അവധി നല്‍കിയിരിക്കുകയാണ്. ബെക്ടണിലെ സ്റ്റാര്‍ പ്രൈമറി, കാനിംഗ് ടൗണിലെ എലന്‍ വില്‍ക്കിന്‍സണ്‍ പ്രൈമറി, പ്ലെയിസ്‌റ്റോവിലെ ലിസ്റ്റര്‍ കമ്യൂണിറ്റി സ്‌കൂള്‍ തുടങ്ങിയവയാണ് അടച്ചിട്ട മറ്റു സ്‌കൂളുകള്‍.
ഫോള്‍സ് വിഡോ ചിലന്തികള്‍ സ്‌കൂളുകളില്‍ എങ്ങനെ കൂടുകൂട്ടി എന്ന കാര്യത്തില്‍ ന്യൂഹാം എന്‍വയണ്‍മെന്റല്‍ ടീം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫോള്‍സ് വിഡോ സ്‌പൈഡറിന്റെ കടിയേല്‍ക്കുന്ന ഭാഗം 50 പെന്‍സ് നാണയത്തിന്റെ വലിപ്പത്തിലുണ്ടാകും. കടിയേറ്റാല്‍ പനിയും നീരും ഉണ്ടാകും. ചികിത്സ തേടിയില്ലെങ്കില്‍ കടിയേറ്റ ഭാഗത്ത് അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. വളരെ വിരളമാണെങ്കിലും ഈ അണുബാധ മരണത്തിലേക്ക് നയിച്ചേക്കാം. ചിലന്തികളുടെ കൂടുതല്‍ മുട്ടകള്‍ വിരിയുന്നതിനു മുമ്പ് ഇവയെ തുരത്താനുള്ള ശ്രമങ്ങള്‍ പെസ്റ്റ് കണ്‍ട്രോള്‍ ടീമുകള്‍ തുടരുകയാണ്. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ന്യൂഹാം കൗണ്‍സില്‍ വക്താവ് പറഞ്ഞു. ചിലന്തികളെ തുരത്തി ക്ലാസുകള്‍ സജ്ജമാക്കാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.