ന്യൂദല്‍ഹി- ഇറാനുമേല്‍ യുഎസ് ഉപരോധം കടുപ്പിക്കുന്ന നവംബറില്‍ ഇന്ത്യയ്ക്ക് അധികമായി 40 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സൗദി അറേബ്യ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നും തുടര്‍ന്നും ഇന്ത്യ എണ്ണ ഇറക്കു മതി നടത്തുമെങ്കിലും യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അളവ് കുറയും. ഇതു പരിഹരിക്കാനാണ് സൗദി അറേബ്യയില്‍ നിന്ന് അധികമായി എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാനുമേലുള്ള ഉപരോധം നവംബര്‍ നാലു മുതലാണ് അമേരിക്ക ശക്തിപ്പെടുത്തുന്നത്. ഇതു ചൂണ്ടിക്കാട്ടി പല കമ്പനികളും ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്നും ഏറ്റവും കുടൂതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, മാംഗ്ലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് അധികമായി 10 ലക്ഷം ബാരല്‍ വീതം എണ്ണ നവംബറില്‍ സൗദി അറേബ്യയില്‍ നിന്ന് തേടിയിരിക്കുന്നതെന്നും പെട്രോളിയം ഇറക്കുമതി വൃത്തങ്ങള്‍ പറയുന്നു. അതേസമയം ഇതു സംബനധിച്ച് ഈ കമ്പനികള്‍ പ്രതികരിച്ചിട്ടില്ല. സൗദി സര്‍ക്കാര്‍ കമ്പനിയായ ആരാംകോയും പ്രതികരിച്ചിട്ടില്ല. യുഎസ് ഉപരോധം ശക്തിപ്പെട്ടാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത സംബന്ധിച്ച് ഈ കമ്പനികള്‍ക്ക് ആശങ്കകളുണ്ട്. അതേസമയം വിവിധ കമ്പനികള്‍ നവംബറില്‍ 90 ലക്ഷം ബാരല്‍ എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇതു വരും മാസങ്ങളില്‍ തുടരാനാകുമോ എന്നതും സംബന്ധിച്ചാണ് ആശങ്ക. ഇതു പരിഹരിക്കാന്‍ എളുപ്പമാര്‍ഗം ഗള്‍ഫില്‍ നിന്നുള്ള എണ്ണ ഇറക്കു മതി കൂട്ടുകയാണ്.
ഇപ്പോള്‍ ഇന്ത്യ സൗദിയില്‍ നിന്ന് പ്രതിമാസം 2.5 കോടി ബാരല്‍ എണ്ണ ശരാശരി ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമായി സംസാരിച്ചിരുന്നുവെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.