Sorry, you need to enable JavaScript to visit this website.

അക്ബറിനെതിരെ കൂടുതൽ വനിതാ മാധ്യമപ്രവർത്തകർ രംഗത്ത്; രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

ന്യൂദൽഹി- മീ ടൂ ആരോപണത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശ സഹമന്ത്രിയും മുൻ മാധ്യമ പ്രവർത്തകനുമായ എം.ജെ. അക്ബറിനെതിരെ കൂടുതൽ പേർ രംഗത്ത്. മാധ്യമപ്രവർത്തക സബ നഖ്‌വിയാണ് അക്ബറിനെതിരെ രംഗത്തെത്തി. ഇവർക്ക് പുറമെ, ഏഷ്യൻ ഏജ് റസിഡന്റ് എഡിറ്റർ സുപർണ ശർമയും അക്ബറിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചു. 1993-96 കാലത്ത് അക്ബർ തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് സുപർണ ശർമ ആരോപിച്ചത്. ഒന്നാം പേജ് സെറ്റ് ചെയ്യുന്നതിനിടെ അക്ബർ തന്റെ ബ്രാ പിടിച്ചുവലിക്കാൻ ശ്രമിച്ചുവെന്ന് സുപർണ പറഞ്ഞു. ഈ സമയത്ത് അക്ബർ എന്തോ പറഞ്ഞുവെന്നും എന്നാൽ അത് ഓർമയില്ലെന്നും സുപർണ പറയുന്നു. അക്ബറിന്റെ ചെയ്തിക്കെതിരെ അപ്പോൾ തന്നെ ശക്തമായി പ്രതികരിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ അക്ബർ പലരോടും ചെയ്തിട്ടുണ്ടെന്ന് മാധ്യമപ്രവർത്തക കനിക ഗെഹ്‌ലോട്ട് പറഞ്ഞു. ഏഴോളം വനിതാ മാധ്യമപ്രവർത്തകരാണ് ഇതോടകം അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.    
അക്ബർ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആരോപണത്തെ പറ്റി കൃത്യമായ മറുപടി നൽകുകയോ അല്ലെങ്കിൽ രാജിവെക്കുകയോ വേണമെന്ന് കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഢി ആവശ്യപ്പെട്ടു. നൈജീരിയയിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ അക്ബറിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. 
അക്ബറിനെതിരായ ആരോപണം കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  
ലൈവ് മിന്റ് നാഷണൽ ഫീച്ചേഴ്‌സ് എഡിറ്റർ പ്രിയ രമണിയാണ് ഇന്നലെ മന്ത്രി എം.ജെ. അക്ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്. 1997 ൽ നടന്ന സംഭവമാണ് പ്രിയ രമണി മീ ടൂ കാമ്പയിന്റെ ഭാഗമായി പരാമർശിച്ചത്. ടെലിഗ്രാഫിന്റെ സ്ഥാപക എഡിറ്റർ കൂടിയായ അക്ബർ മാധ്യമ മേഖലയിൽ തിളങ്ങി നിന്ന സമയത്ത് ആ മേഖലയിൽ പുതുമുഖമായിരുന്നു പ്രിയ. അക്ബർ വിളിച്ചതു പ്രകാരം മുംബൈയിലെ ഹോട്ടലിൽ രാത്രി ഏഴ് മണിക്ക് ചെന്നിരുന്നു. അഭിമുഖത്തിനെന്ന് പറഞ്ഞാണ് പ്രിയയെ വിളിച്ചത്. എന്നാൽ അക്ബറിൽ നിന്നു മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക് മദ്യം വാഗ്ദാനം ചെയ്‌തെന്നും പ്രിയ ആരോപിച്ചു. 
മീ ടൂ കാമ്പയിന്റെ ഭാഗമായി ബോളിവുഡ്, മാധ്യമ മേഖലയിൽനിന്ന് പ്രമുഖർക്കെതിരേ നിരവധി ലൈംഗിക അതിക്രമ പരാതികളാണ് ഉയർന്നു വരുന്നത്. ഏഴ് സ്ത്രീകൾ ലൈംഗിക അതിക്രമ പരാതി ഉയർത്തിയതിനെ തുടർന്ന് എഡിറ്റർ കെ.ആർ. ശ്രീനിവാസന് എതിരെ നടപടിയെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് വ്യക്തമാക്കി. ശ്രീനിവാസനോട് അവധിയിൽ പ്രവേശിക്കാനാണ് മാനേജ്‌മെന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അശ്ലീല മെസേജുകൾ അയച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ച് നിരവധി സ്ത്രീകളാണ് ശ്രീനിവാസന് എതിരെ രംഗത്ത് എത്തിയത്.
അതിനിടെ, മീ ടൂ കാമ്പയിനിൽ ഉന്നയിക്കുന്ന പരാതികൾ പണം വാങ്ങി സ്ത്രീകൾ നടത്തുന്നതാണെന്ന ആരോപണവുമായി ബി.ജെ.പി എം.പി ഉദിത് രാജ് രംഗത്തെത്തി. സ്ത്രീകൾ നാലു ലക്ഷം രൂപ വരെ വാങ്ങി പുരുഷൻമാർക്കെതിരേ ആരോപണം ഉന്നയിക്കാറുണ്ട്. മീ ടൂ കാമ്പയിൻ ആവശ്യമാണ്. എന്നാൽ പത്തു വർഷത്തിന് ശേഷം ആർക്കെങ്കിലും എതിരേ ലൈംഗിക ആരോപണം ഉന്നയിക്കുന്നതിൽ എന്താണ് കാര്യം. വർഷങ്ങൾ മുൻപുള്ള ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ കഴിയില്ല. എന്നാൽ ആരോപണ വിധേയനായ വ്യക്തിയുടെ പ്രതിഛായ കളങ്കപ്പെടുന്നു എന്നും എം.പി ട്വിറ്ററിൽ കുറിച്ചു. 
അക്ബറിനെതിരായി ഉയർന്ന ലൈംഗിക ആരോപണത്തിൽ കേന്ദ്ര സർക്കാറിന് ഉത്തരം മുട്ടിയിരിക്കുകയാണ്. നിരവധി വനിതാ മാധ്യമ പ്രവർത്തകരെ അക്ബർ പീഡിപ്പിക്കുകയോ പീഡിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തതായി വെളിപ്പെടുത്തൽ പുറത്തു വരുന്നുണ്ട്. സംഭവത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ഒരു വാക്ക് പോലും പറയാതെ മുഖം തിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചെയ്തത്. 'താങ്കൾ ഒരു വനിതാ മന്ത്രിയാണ്. സഹമന്ത്രിക്കെതിരായ ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം നടത്തുമോ' എന്ന  മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയാതെ സുഷമ നടന്നു പോയി. നിലവിൽ നൈജീരിയയിലുള്ള എം.ജെ. അക്ബർ ആരോപണങ്ങളോടു പ്രതികരിച്ചിട്ടില്ല. 
ഹിന്ദുസ്ഥാൻ ടൈംസ് ബ്യൂറോ ചീഫ് പ്രശാന്ത് ഝായെ സമാനമായ ആരോപണത്തെ തുടർന്ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കോമഡി പ്ലാറ്റ്‌ഫോമായ എ.ഐ.ബി സ്ഥാപകരിൽ ഒരാളായ തൻമയ് ഭട്ടിനെയും സ്ഥാനത്ത് നിന്ന് നീക്കി. എ.ഐ.ബിയിലെ ഗുരിസ്മ്രാൻ കാംബയും ലൈംഗിക ആരോപണങ്ങളെ തുടർന്ന് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. തനുശ്രീ ദത്ത, കങ്കണ റണാവത് തുടങ്ങിയ പ്രമുഖ നടിമാരും ലൈംഗിക പീഡന പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. 

Latest News