Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കലാപ സമയത്ത് സൈനിക വിന്യാസം വൈകിപ്പിച്ചെന്ന് മുന്‍ സൈനിക ഉപമേധാവിയുടെ വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി- 2002ല്‍ ഗുജറാത്തിലുണ്ടായ മുസ്ലിം വിരുദ്ധ കലാപം തടയാന്‍ ഇറക്കിയ സൈന്യത്തെ രംഗത്തിറങ്ങുന്നത് വൈകിപ്പിച്ചെന്ന് മുന്‍ സൈനിക ഉപമേധാവി ലെഫ്. ജനറല്‍ സമീറുദ്ദീന്‍ ഷായുടെ വെളിപ്പെടുത്തല്‍. കലാപം പൊട്ടിപ്പുറപ്പെട്ട തൊട്ടടുത്ത ദിവസം തന്നെ  ഗുജറാത്തിലെത്തിയ സൈന്യത്തെ അഹമദാബാദ് വ്യോമസേനാ താവളത്തില്‍ നിന്നു കലാപബാധിത പ്രദേശങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനടി സൗകര്യമൊരുക്കിയില്ലെന്നും ഇതുമൂലം മൂന്നോറോളം പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നും അന്ന് സൈനിക സംഘത്തെ നയിച്ച സമീറുദ്ദീന്‍ ഷാ പറയുന്നു. സര്‍ക്കാരി മുസല്‍മാന്‍ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് സമീറുദ്ദീന്‍ ഷായുടെ വെളിപ്പെടുത്തലുകള്‍. കലാപം തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായ മാര്‍ച്ച് ഒന്നിനു രാവിലെ ഏഴുമണിയോടെ 3000ഓളം സൈനികര്‍ അഹമദാബാദ് എയര്‍ഫീല്‍ഡിലെത്തി. എന്നാല്‍ ഇവര്‍ക്കു പോകാനുള്ള വാഹനങ്ങളും മറ്റു സൗകര്യങ്ങളും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. കലാപം കത്തിപ്പടരുമ്പോള്‍ വെടിയൊച്ചകളും കലഹങ്ങളും കേള്‍ക്കാമായിരുന്നു. എന്നാല്‍ നിര്‍ണായകമായ 34 മണിക്കൂറോളം സമയം സൈന്യത്തിന് നിസ്സഹായരായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂവെന്നും സമീറുദ്ദീന്‍ ഷാ പറയുന്നു.

സൈന്യത്തെ കൃത്യമസയത്തു തന്നെ കലാപ പ്രദേശങ്ങളിലെത്തിച്ചിരുന്നുവെങ്കില്‍  മുന്നൂറോളം പേരുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നു. സൈന്യത്തിന് ഉടനടി രംഗത്തിറങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് ഓന്നിന് പുലര്‍ച്ചെ രണ്ടു മണിക്ക് മുഖ്യമന്ത്രി മോഡിയുടെ വീട്ടുപടിക്കല്‍ ചെന്ന് സഹായം തേടിയതും സമീറുദ്ദീന്‍ ഷാ പുസ്തകത്തില്‍ വിവരിക്കുന്നു. സൈന്യത്തിന് അടിയന്തിരമായി ലഭിക്കേണ്ട സഹായങ്ങള്‍ ആവശ്യപ്പെട്ടുള്ള കുറിപ്പും മോഡിക്കു നല്‍കി. പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും അവിടെ ഉണ്ടായിരുന്നു. ഇരുവരോടും കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ച ശേഷം തിരിച്ചു പോയെങ്കിലും അന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഒരു സഹായവും ലഭിച്ചില്ല. മാര്‍ച്ച് രണ്ടിനാണ് സൈന്യത്തിന് വാഹനങ്ങളും മറ്റും ലഭിച്ചത്.

കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോര്‍ട്ടില്‍ സൈനിക നീക്കം സംബന്ധിച്ചു പറയുന്ന ഭാഗങ്ങള്‍ പച്ചക്കള്ളമാണെന്നും സമീറുദ്ദീന്‍ ഷാ പറഞ്ഞു. ഫെബ്രുവരി 28ന് വൈകുന്നേരം സൈന്യത്തെ വിളിച്ചു. വ്യോമ മാര്‍ഗം അവരെ അഹമദാബാദിലെത്തിക്കേണ്ടിയിരുന്നു. സൈനിക വിന്യാസത്തിനുള്ള സഹായങ്ങളും മറ്റും മാര്‍ച്ച് ഒന്ന്, ഉച്ചയ്ക്കു ശേഷം 2.30ഓടെ നല്‍കിയെന്നുമാണ് എസ്.ഐ.ടി റിപ്പോര്‍ട്ടിലുള്ളത്.
 

Latest News