Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് തീരും മുമ്പേ മേയറെ പ്രഖ്യാപിച്ച് കശ്മീർ ഗവർണർ; അട്ടിമറിക്ക് കൂടുതൽ തെളിവെന്തിനെന്ന് ചോദ്യം

ശ്രീനഗർ- തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതിന് മുമ്പു തന്നെ ശ്രീനഗറിലെ മേയർ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ച കശ്മീർ ഗവർണറുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധം. തെരഞ്ഞെടുപ്പിൽ വ്യാപകമായ രീതിയിൽ കൃത്രിമം നടന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഗവർണറുടെ പ്രസ്താവനയെന്ന് നാഷണൽ കോൺഫ്രൻസ്, കോൺഗ്രസ് എന്നീ പാർട്ടികൾ വ്യക്തമാക്കി. ഗവർണർ സത്യപാൽ മാലിക് കഴിഞ്ഞ ദിവസമാണ് ശ്രീനഗറിൽ പുതിയ മേയർ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണറുടെ പ്രഖ്യാപനം. 
തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതിൽ നാഷണൽ കോൺഫ്രൻസും മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും ഖേദിക്കുന്നുവെന്നും എനിക്ക് ലഭിച്ച വിവരം അനുസരിച്ച് വിദേശവിദ്യാഭ്യാസം നേടിയ യുവാവായിരിക്കും ശ്രീനഗറിന്റെ അടുത്ത മേയർ എന്നുമായിരുന്നു ഗവർണർ പറഞ്ഞത്. 
മാട്ടോ എന്നാണ് ഈ യുവാവിന്റെ പേര്. ഉന്നതവിദ്യാഭ്യാസം നേടിയയാളാണ്. നാഷണൽ കോൺഫ്രൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയേക്കാളും മികച്ച നേതാവാണ്. മാട്ടോ കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ട്-സത്യപാൽ പറഞ്ഞു.
ഗവർണറുടെ നടപടി തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് നാഷണൽ കോൺഫ്രൻസ് വക്താവ് ആഗ റൂഹുല്ല പറഞ്ഞു. 
ജനാധിപത്യത്തിന്റെ ആത്മാവ് തൊട്ടുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഗവർണർ മേയറുടെ പേര് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തട്ടിക്കൂട്ടിയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവന-ആഗ റൂഹുല്ല പറഞ്ഞു.
ഗവർണർ എല്ലാം തന്റെ വീട്ടിലിരുന്ന് തീരുമാനിക്കുന്നുവെന്നും വോട്ടർമാർക്ക് ഒരു അവകാശവുമില്ലെന്നുമാണ് ഈ സത്യപാൽ മാലികിന്റെ പ്രസ്താവനയിലൂടെ തെളിയുന്നതെന്ന് കോൺഗ്രസ് നേതാവ് ജി.എൻ മോൻഗ പറഞ്ഞു. 
കശ്മീരിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. ഈ മാസം പതിനാറിന് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും. പല വാർഡുകളിലും ബി.ജെ.പി സ്ഥാനാർഥിക്ക് എതിരാളികളില്ല. സ്ഥാനാർഥികൾ ആരാണെന്ന് പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുമില്ല. സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥികളുടെ പേര് മറച്ചുവെച്ചിരിക്കുന്നത്.  

Latest News