ന്യുദല്‍ഹി- ഫ്രാന്‍സുമായി ഇന്ത്യ ഒപ്പിട്ട 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ അന്തിമ തീരുമാനത്തിലെത്തിയത് ഏതൊക്കെ നടപടിക്രമങ്ങളിലൂടെയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണെന്ന് സുപ്രീം കോടതി. സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുന്നില്ലെന്നും റഫാല്‍ ഇടപാടു സംബന്ധിച്ച മറ്റു വാദങ്ങള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. റഫാല്‍ ഇടപാടിലേക്കു നയിച്ച തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ അറിയേണ്ടതുണ്ട്. ഇതു സംബന്ധിച്ച് കോടതിക്ക് തൃപ്തികരമായ വിശദീകരണം ലഭിക്കണം. സീല്‍ ചെയ്ത കവറില്‍ ഈ വിവരങ്ങള്‍ ഒക്ടോബര്‍ 29നം അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, റഫാല്‍ യുദ്ധവിമാനത്തിന്റെ വില നിശ്ചയിക്കല്‍, പോര്‍വിമാനത്തിന്റെ ക്ഷമത തുടങ്ങിയ വിശദാംശങ്ങള്‍ കോടതിക്ക് ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച രണ്ടു പൊതുതാല്പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നും ഇടപാടില്‍ 59,000 കോടി രൂപയുടെ അഴിമതി നടന്നുവെന്നും ആരോപിച്ച അഭിഭാഷകനായ വിനീത് ധണ്ഡ സമര്‍പ്പിച്ച ഹര്‍ജിയും കരാറിലെ അഴിമതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിങ് നല്കിയ ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.