Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ സ്‌കൂളില്‍ മതത്തിന്റെ പേരില്‍ വിവേചനം; ഹിന്ദു, മുസ്ലിം കുട്ടികള്‍ വെവ്വേറെ ക്ലാസുകളില്‍

ന്യുദല്‍ഹി- ദല്‍ഹിയിലെ വസീറാബാദില്‍ നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള പ്രൈമറി സ്‌കൂളില്‍ കുട്ടികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ വേര്‍ത്തിരിച്ച് ഇരുത്തിയതായി പരാതിപ്പെട്ട് ഒരു വിഭാഗം അധ്യാപകര്‍ രംഗത്തെത്തി. നോര്‍ത്ത് എം.സി.ഡി ബോയ്‌സ് സ്‌കൂളിലെ ഹാജര്‍ പട്ടികയില്‍ ഈ നഗ്നവിവേചനം വ്യക്തമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ക്ലസാ ഒന്ന് എ- 36 ഹിന്ദുക്കള്‍, ഒന്ന് ബി- 36 മുസ്ലിംകള്‍, രണ്ട് എ-47 ഹിന്ദുക്കള്‍, രണ്ട് ബി- 26 മുസ്ലിംകള്‍, 15 ഹിന്ദുക്കള്‍, രണ്ട് സി- 40 മുസ്ലിംകള്‍ എന്നിങ്ങനെ അഞ്ചാം ക്ലാസുവരെ വിദ്യാര്‍ത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഡിവിഷനുകളില്‍ വേര്‍ത്തിരിച്ച് ഇരുത്തിയിരിക്കുകയാണ്. അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്‌കൂളുകള്‍ മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ക്ലാസിനും 30 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിക്കണമെന്നുമാണ് നിയമം.

ജുലൈയില്‍ പ്രധാനാധ്യാപകന്‍ സ്ഥലം മാറി പോയതിനു പകരമായി  സി.ബി സിങ് ഷരാവത്ത് സ്‌കൂളിന്റെ താല്‍ക്കാലിക ചുമതലയേറ്റെടുത്ത ശേഷമാണ് മതത്തിന്റെ പേരില്‍ മനപ്പൂര്‍വ്വമുള്ള ഈ വിവേചനം തുടങ്ങിയതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. ഏപ്രിലിലാണ് അക്കാദമിക് വര്‍ഷം തുടങ്ങിയത്. തുടക്കത്തില്‍ ഈ വിവേചനം ഉണ്ടായിരുന്നില്ല. ജുലൈ രണ്ടിനാണ് ഷെരാവത്ത് താല്‍ക്കാലികമായി പ്രധാനാധ്യാപകനായി ചുമതലയേറ്റത്. അദ്ദേഹമാണ് ഈ നടപടികള്‍ക്ക് തുടക്കമിട്ടത്. മറ്റു അധ്യാപകരുമായോ മറ്റോ ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. ഏതാനും അധ്യാപകര്‍ ഈ നടപടി ചോദ്യം ചെയ്തപ്പോള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നും ഏല്‍പ്പിച്ച ജോലി ചെയ്താല്‍ മതിയെന്നും താക്കീത് സ്വരത്തില്‍ ഷെരാവത്ത് പറഞ്ഞതായും പേരുവെളിപ്പെടുത്താത്ത അധ്യാപകര്‍ പറയുന്നു. 

സംഭവത്തെ കുറിച്ച് പരാതിപ്പെടാന്‍ 20 ദിവസം മുമ്പ് ഒരു വിഭാഗം അധ്യാപകര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ മേഖലാ ഓഫീല്‍ നേരിട്ടു പോയിരുന്നു. എന്നാല്‍ പ്രതികാര നടപടികളുണ്ടാകുമെന്ന് ഭയന്ന് ഇവര്‍ പരാതി രേഖാമൂലം നല്‍കിയില്ല. ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കോര്‍പറേഷനിലെ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവം ശരിയാണെന്നും തെളിഞ്ഞാല്‍ കര്‍ശന നടപടി തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കള്‍ക്കും ഇത്തരമൊരു വിവേചനത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങളുടെ ഉറ്റ സുഹൃത്തുക്കളില്‍  നിന്നും മാറ്റിയിരുത്തപ്പെട്ട കുട്ടികള്‍ വീട്ടില്‍ പോയി കാര്യം പറഞ്ഞപ്പോഴാണ് പലരും ഇതറിയുന്നത്. ഒരു മതത്തില്‍പ്പെട്ട കുട്ടികള്‍ മാത്രമെ തങ്ങളുടെ ക്ലാസുകളിലുള്ളൂവെന്നും കുട്ടികള്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറയുന്നു. 

എന്നാല്‍ ഇത് എല്ലാ സ്‌കൂളുകളിലും നടക്കുന്ന സാധാരണ നടപടി മാത്രമാണെന്നാണ് ഷെരാവത്തിന്റെ പ്രതികരണം. മതത്തിന്റെ പേരില്‍ മനപ്പൂര്‍വ്വമുള്ള വിവേചനമില്ല. സമാധാനവും അച്ചടക്കവും മികച്ച പഠന അന്തരീക്ഷവും ഒരുക്കുന്നതിനു വേണ്ടി മാനേജ്‌മെന്റ് എടുത്ത തീരുമാനമാണിത്. പലപ്പോഴും കുട്ടികള്‍ അടിപിടി കൂടുന്നുണ്ടെന്നും ശെരാവത്ത് പറഞ്ഞു. മതത്തിന്റെ പേരിലാണോ കുട്ടികളെ അടിപിടി എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. കുട്ടികള്‍ക്ക് മതത്തെ കുറിച്ച് അറിയില്ല. എങ്കിലും അവര്‍ അതും ഇതും പറഞ്ഞ് അടിപിടികൂടുന്നു. ചില കുട്ടികള്‍ വെജിറ്റേറിയനാണ്. അങ്ങനെയുള്ള പലകാര്യങ്ങളിലും വ്യത്യസ്ത ഉണ്ടാകും. അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്- ശെരാവത്ത് പറഞ്ഞു.
 

Latest News