Sorry, you need to enable JavaScript to visit this website.

സൗദി തൊഴിൽ നിയമം ഭേദഗതി  ചെയ്യുന്നത് ആലോചിക്കുന്നു

റിയാദ് - ജീവനക്കാരെ പിരിച്ചുവിടുന്നതിന് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ ദുരുപയോഗിക്കുന്ന തൊഴിൽ നിയമത്തിലെ 77 ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രി അഹ്മദ് അൽറാജ്ഹി വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച പുറത്തു വന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട സ്വദേശികളിൽ ഒന്നര ശതമാനത്തെ മാത്രമാണ് 77 ാം വകുപ്പ് പ്രകാരം പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഈ വകുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയുടെയും ഉദ്യോഗാർഥികളുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്ന പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. 77 ാം വകുപ്പ് പ്രയോജനപ്പെടുത്തി സ്വകാര്യ മേഖല പിരിച്ചുവിടുന്ന സൗദി ജീവനക്കാർക്ക് സാനിദ് പദ്ധതി വഴി ഒരു വർഷത്തേക്ക് ധനസഹായം വിതരണം ചെയ്യുന്നുണ്ട്. ഇതുവഴി അനുയോജ്യമായ പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് സ്വദേശികൾക്ക് സാവകാശം ലഭിക്കുന്നു. 
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ നേടുന്നതിന് മുഖ്യമായും അവലംബിക്കുന്നത് സ്വകാര്യ മേഖലയെയാണ്. ശിക്ഷാ നടപടികളെ കുറിച്ച ഭീഷണിയും പ്രോത്സാഹനങ്ങളും സ്വകാര്യ മേഖലക്കു മുന്നിൽ വെക്കുന്ന നയമല്ല മന്ത്രാലയത്തിന്റേത്. മറിച്ച് സ്വകാര്യ മേഖലയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനാണ് മന്ത്രാലയം ആഗ്രഹിക്കുന്നത്. 
പുതിയ ചെറുകിട സ്ഥാപനങ്ങൾ ആരംഭിക്കുന്ന ഏതു വ്യക്തിക്കും ആദ്യ ദിവസം തന്നെ ഒമ്പതു വിസകൾ അനുവദിക്കുന്ന പദ്ധതി മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്. ഇത് അന്തിമ ഘട്ടത്തിലാണ്. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളിൽ ഫുൾടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഉടമകൾക്കാണ് ആദ്യ ദിവസം തന്നെ വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഒമ്പതു വിസകൾ അനുവദിക്കുക. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളോട് സൗദിവൽക്കരണം നടപ്പാക്കണമെന്ന് ആദ്യ വർഷം ആവശ്യപ്പെടില്ല. വിദേശങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ സ്ഥാപനങ്ങളെ അനുവദിക്കുമെന്നും എൻജിനീയർ  അഹ്മദ് അൽറാജ്ഹി പറഞ്ഞു.

Latest News