Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വം പറഞ്ഞ് കേരളത്തിൽ കലാപമുണ്ടാക്കരുതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ- ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഹിന്ദുത്വം പറഞ്ഞ് കേരളത്തിൽ കലാപമുണ്ടാക്കരുതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പഭക്തരെ കൂട്ടി തെരുവിലിറങ്ങി എൻ.എസ്.എസ് രണ്ടാം വിമോചന സമരത്തിന് ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.  ശബരിമല വിഷയത്തിൽ നാമജപ റാലി എന്ന പേരിൽ നടത്തുന്ന പ്രക്ഷോഭത്തെ തളളിയും സർക്കാരിനെ പ്രതിരോധിച്ചും അദ്ദേഹം ഇന്നലെ കണിച്ചുകുളങ്ങരയിലെ വസതിയിൽ ഒരു മണിക്കൂറോളം വാർത്താ സമ്മേളനം നടത്തി. മുഖ്യമന്ത്രി വിളിച്ചിട്ടും ചർച്ചയ്ക്ക് പോകാതിരുന്ന തന്ത്രി കുടുംബത്തിന്റെ നിലപാട് മര്യാദയല്ല. തന്ത്രിയും കുടുംബവും മാത്രമല്ല ഹിന്ദു സമൂഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇപ്പോഴത്തെ സമരം സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് തിരിച്ചറിയാൻ കഴിയും. കോടതി വിധിക്കെതിരേ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത് ശരിയായില്ല. സമരം തുടർന്നാൽ സമാന്തര പ്രതിരോധ സമരത്തിന് എസ്.എൻ.ഡി.പി മുന്നിട്ടിറങ്ങും. ശബരിമലയുമായി ബന്ധപ്പട്ട് തെരുവിൽ പ്രതിഷേധങ്ങൾ ഉയർത്തുന്നതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളാണുള്ളത്. വിഷയത്തിൽ എസ് എൻ ഡി പി യോഗം ഭാരവാഹികളുടെ യോഗം വിളിക്കും. ചില സംഘടനകളാണ് തെറ്റിദ്ധരിപ്പിച്ച് വിശ്വാസികളെ തെരുവിലിറക്കുന്നത്. ഇക്കാര്യത്തിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും അവരുടെ വാലാകാൻ എസ് എൻ ഡി പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി കലാപത്തിനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഭൂരിപക്ഷം വരുന്ന പിന്നോക്ക ഹിന്ദു സംഘടനകളെ വിശ്വാസത്തിലെടുക്കുകയോ ചർച്ചകൾ പോലും നടത്താതെയുള്ള പ്രതിഷേധങ്ങളാണു ഹിന്ദുക്കളുടെ പേരിൽ നടക്കുന്നത്. സമരക്കാർ മറ്റു ഹിന്ദു വിഭാഗങ്ങളോട് ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയില്ല. ഈഴവ സമുദായത്തോടോ പട്ടികജാതി പട്ടിക വർഗത്തോടോ കൂടിയാലോചന നടത്തിയില്ല. കോടതി വിധിയെ സ്ത്രീകൾ കർമം കൊണ്ടാണ് നേരിടേണ്ടത്. ശബരിമലയിൽ പോകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്ഥിരബുദ്ധി ഇവിടത്തെ വിശ്വാസികളായ സ്ത്രീകൾക്കുണ്ട്. ഇക്കാര്യത്തിൽ വിശ്വാസികളായ സ്ത്രീകളാണു തീരുമാനമെടുക്കേണ്ടത്. ഇപ്പോഴത്തെ അവസ്ഥയിൽ എസ് എൻ ഡി പി സർക്കാരിനൊപ്പമാണ്. സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. തുറന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. സർക്കാരിന്റെ നിരപരാധിത്വം വളരെ വ്യക്തമാണ്. കഴിഞ്ഞ ദിവസം പിണറായി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. കോൺഗ്രസുകാർ മുഖ്യമന്ത്രി കസേരയിൽ ഇരുന്നാലും സുപ്രീം കോടതി വിധി മാനിക്കേണ്ടി വരും. സർക്കാരിനെ താഴെയിറക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് സമരങ്ങൾ അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ദേവസ്വം ബോർഡും മറ്റ് സ്ഥാനങ്ങളും സവർണ വിഭാഗങ്ങളാണ് കയ്യാളുന്നത്. നാല് ശതമാനം മാത്രമാണ് ഇവിടങ്ങളിലെ അവർണ പ്രാതിനിധ്യം. ശബരിമലയിലെ പല ചടങ്ങുകളും അവർണരിൽ നിന്ന് സവർണർ പിടിച്ചെടുത്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് നിലപാടും നിലവാരവുമില്ലാത്തയാളാണ് രണ്ടു വള്ളത്തിലും കാൽ ചവിട്ടുന്ന നിലപാടുകളാണ് പ്രസിഡന്റ് സ്വീകരിച്ചത്. പ്രസിഡന്റിന്റെ നിലപാടുകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു കാരണമായത്. മറ്റാർക്കോ വേണ്ടിയുളള പ്രവർത്തനങ്ങളാണ് പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ് എൻ ഡി പി യോഗത്തിലുള്ള വനിതകൾ ശബരിമലയിൽ പോകില്ല. പക്ഷേ പോകുന്നവരെ തടയാനും പാടില്ല.1991 ന് ശേഷം മാത്രമാണ് സ്ത്രീ പ്രവേശനം ഇല്ലാതായത്. ദേവസ്വം ബോർഡിൽ എന്നും അയിത്തം നേരിടുന്നവരാണ് ഞങ്ങൾ. തമ്പ്രാക്കൻമാർ പറയും അടിയാൻമാർ അനുസരിക്കണം എന്ന നയം അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

Latest News