തിരുവനന്തപുരം- വിവാദങ്ങളുടെ ഇഷ്ട തോഴനായ എം.എൽ.എ മുകേഷ് സി.പി.എമ്മിന് വീണ്ടും തലവേദനയാവുന്നു.
മീ ടൂ കാമ്പയിനിൽ മുകേഷിനെതിരെ ഉയരുന്ന പീഡന ആരോപണം സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. പുതിയ വിവാദം നടിയെ ആക്രമിച്ച കേസിൽ തുടങ്ങിയ വാവാദങ്ങൾക്ക് പുതിയ തലം നൽകും. നടിയെ ആക്രമിച്ച സംഭവത്തിൽ മുകേഷും സംശയത്തിലായിരുന്നു. ഇടത് എം.എൽ.എ ആയതുകൊണ്ട് മാത്രമാണ് മുകേഷിനെ പോലീസ് വെറുതെ വിട്ടതെന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടെ പാർട്ടി പോലും മുകേഷിനെ ശാസിച്ചു. സിനിമയ്ക്കുള്ളിലും വിവാദങ്ങളുടെ പെരുമഴയായി. കൊല്ലം സി.പി.എമ്മിന്റെ ഉറച്ച സീറ്റായിരുന്നു. ഇത് മുകേഷിന് നൽകിയത് പോലൂം ചോദ്യം ചെയ്യപ്പെട്ടിരുന്നു. മുകേഷിനെതിരെ നിരന്തര ആരോപണം ഉയർത്തിയവർക്ക് മീ ടൂ കാമ്പൈനും പുതിയ ആയുധമാണ്. സിനിമയിലെ വനിതാ കൂട്ടായ്മയും ഇതിനെ ആയുധമാക്കുമെന്ന് ഉറപ്പാണ്. എം.എൽ.എ ആയ ശേഷം നിരവധി വിവാദങ്ങളിലാണ് മുകേഷ് ചെന്ന് നിറഞ്ഞത്. ഓഖി ദുരന്തം ഉണ്ടായപ്പോഴും കൊല്ലത്ത് എത്തിയില്ലെന്നതായിരുന്നു ഇതിലൊന്ന്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിൽ അവതാരകനായി നിറയുകയായിരുന്നു ഈ സമയത്ത് മുകേഷ്. ഇതിനെ സി.പി.എമ്മുകാർക്ക് പോലും പ്രതിരോധിക്കാനായില്ല. ഓഖി ദുരന്തത്തിനിടെ കൊല്ലം എം.എൽ.എ മുകേഷിനെ കാണാനില്ലെന്ന് കാട്ടി യൂത്ത് കോൺഗ്രസ് പരാതി പോലീസിന് നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എം.എൽ.എയുടെ തല വെട്ടം പോലും മണ്ഡലത്തിൽ കാണാനില്ലാത്തതിനാലാണ് ഇത്തരമൊരു പരാതി നൽകിയതെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആരോപണം. സി.പി.എം പ്രാദേശിക നേതൃത്വത്തിന് പോലും മുകേഷിന്റെ പ്രവർത്തന ശൈലിയോട് വിയോജിപ്പുണ്ട്.
കൊല്ലത്തിന്റെ തീരദേശ മേഖലയിൽ പ്രകൃതിക്ഷോഭങ്ങൾ മൂലം വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും മുകേഷിനെ കാണാനോ പരാതി പറയാനോ പൊതുജനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കൊല്ലത്ത് കലക്ടറ്രേറ്റിൽ ബോംബ് സ്ഫോടനം ഉണ്ടായപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അവിടെ സന്ദർശനം നടത്തിയെങ്കിലും സ്ഥലം എം.എൽ.എയെ അവിടെയെങ്ങും കണ്ടില്ല. കൊല്ലത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടിയിലും എം.എൽ.എ മുകേഷിനെ കണ്ടില്ലെന്ന് പരാതികൾ ഉയർന്നിരുന്നു. ഇതെല്ലാം പ്രതിരോധിക്കാൻ ഇടതുപക്ഷം ഏറെ ബുദ്ധിമുട്ടി. മുകേഷിനും വ്യക്തമായ ഉത്തരം നൽകാനായില്ല. സിനിമയിലെ സാമ്പത്തിക സ്രോതസ്സുകളെ നിയന്ത്രിക്കുന്നതും മുകേഷാണെന്ന ആരോപണം ശക്തമാണ്. ചാനൽ പരിപാടിയും സിനിമയുമായി കറങ്ങി നടക്കുകയാണ് മുകേഷ്. മണ്ഡലത്തിലെ പരിപാടികളിൽ മുകേഷ് പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം സജീവമായി തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സി.പി.എം പാർട്ടി അണികളിലും ഈക്കാര്യത്തിൽ അമർഷമുണ്ട്. മുകേഷ് അവതാരകനായി പുതിയ ടെലിവിഷൻ പരിപാടിയുടെ അണിയറ പ്രവർത്തനം നടക്കുകയാണ്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്. മീ ടൂ കാമ്പയിനായതിനാൽ സി.പി.എമ്മും ഇതിൽ പ്രതിസ്ഥാനത്താകും. അതേസമയം ഇക്കാര്യം നിയമപരമായി പരിശോധിക്കാമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.