സഹര്‍സ- ബിഹറിലെ സഹര്‍സ ജില്ലയില്‍ പൂവാലശല്യം കാരണം 36 പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. പൂവാലന്മാരുടെ നിരന്തര ശല്യത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്ന ഇവര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സഹായം തേടുകയാണ്. നേരത്തെ സുപൗള്‍ ഗ്രാമത്തിലുണ്ടായ അനുഭവമാണ് സഹര്‍സയിലും ആവര്‍ത്തിച്ചിരിക്കുന്നത്. സഹര്‍സയിലെ സിംറി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെടുന്ന എക്പഥാഹ ഗ്രാമത്തിലാണ് സംഭവം. ഏറ്റവും ഒടുവില്‍ ഈ മാസം നാലിനാണ് വഴിയരികില്‍ കാത്തിരുന്ന പൂവാലന്മാര്‍ ഉപദ്രവിച്ചത്. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാളുടെ സഹോദരനെ തല്ലി കൈയൊടിക്കുകയും ചെയ്തു. ഗ്രാമത്തില്‍ ഹൈസ്‌കൂള്‍ ഇല്ലാത്തതിനാല്‍ ഏഴ് കി.മീ അകലെയുള്ള ഡി.സി ഇന്റര്‍ കോളേജിനോടൊപ്പമുള്ള ഹൈസ്‌കൂളില്‍ പോയാണ് പെണ്‍കുട്ടികള്‍ പഠിച്ചിരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി പ്രകാരം ഇവര്‍ക്ക് സൈക്കിളുകള്‍ ലഭിച്ചിരുന്നു. ഈ മാസം നാലിന് രണ്ട് പെണ്‍കുട്ടികള്‍ സൈക്കിളില്‍ പോകുമ്പോഴാണ് യുവാക്കള്‍ തടഞ്ഞു നിര്‍ത്തിയത്. പെണ്‍കുട്ടികള്‍ ചെറുക്കുന്നത് കണ്ട് സഹായത്തിനെത്തിയ ഇവരുടെ ഗ്രാമത്തിലെ രണ്ട് ആണ്‍കുട്ടികളെയാണ് അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയും ഒരാളുടെ കൈ ഒടിക്കുകയും ചെയ്തത്.
പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ പോകുന്നതിന് സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇടപെടണമെന്നാണ് ഗ്രാമീണരുടെ ആവശ്യം.