ഭുവനേശ്വര്‍- ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് ടിറ്റ്‌ലി ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. ന്യുനമര്‍ദം അതിവേഗം ഒഡിഷ, ആന്ധ്രാ പ്രദേശ് തീരത്തേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടത്തും അതിതീവ്ര മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില് 100 വേഗത്തില്‍ ആഞ്ഞു വീശുന്ന കാറ്റിനൊപ്പം തീവ്ര മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതു കണക്കിലെടുത്ത് ഒഡീഷയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ടിറ്റ്‌ലി കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇത് ചൊവ്വാഴ്ച രാത്രി വടക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയും വ്യാഴാഴ്ചയോടെ ഒഡീഷയിലും വടക്കന്‍ ആന്ധ്ര തീരമേഖലയിലും എമെത്തുമെന്നും ഭുവനേശ്വറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എച്ച്.ആര്‍ ബിസ്വാസ് പറഞ്ഞു. ടിറ്റ്‌ലി ചുഴലിക്കാറ്റ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഒഡിഷയിലെ ഗോപാല്‍പൂര്‍ തീരത്തു നിന്നും 530 കിലോമീറ്റര്‍ തെക്കുകിഴക്കും ആന്ധ്രയിലെ കലിംഗപട്ടണം തീരത്തു നിന്ന് 480 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കുമായാണ്.