മസ്കത്ത്- പുതിയ സ്പോണ്‍സറുടേയോ തൊഴിലുടമയുടേയോ കീഴില്‍ കീഴില്‍ ജോലിക്കായി ഒമാനിലേക്ക് തിരിച്ചെത്തുന്ന മുന്‍ പ്രവാസികള്‍ ആദ്യത്തെ വിസ നിര്‍ബന്ധമായും റദ്ദാക്കിയിരിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. എക്സിറ്റ് കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടായാലും ആദ്യ വിസ റദ്ദ് ചെയ്യല്‍ നിര്‍ബന്ധമാണ്.
ആദ്യ വിസ റദ്ദാക്കാതെ സന്ദര്‍ശക വിസയില്പോലും ഒമാനിലേക്ക് പുനഃപ്രവേശം സാധ്യമല്ലെന്നും പോലീസ് വക്താവ് പറഞ്ഞു.
മുന്‍ തൊഴിലുടമയില്‍നിന്നോ സ്പോണ്‍സറില്‍നിന്നോ ലഭിക്കുന്ന എന്‍.ഒ.സി ഇമിഗ്രേഷന്‍ വകുപ്പിന് മുമ്പാകെ ഹാജരാക്കുകയും വേണം. സ്പോണ്‍സറുടെ അറിവോടെ വിസ റദ്ദാക്കി രാജ്യം വിടുന്നതാണ് എപ്പോഴും ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. വിസ റദ്ദാക്കാതെ രാജ്യം വിടുന്നത് പുനഃപ്രവേശത്തിന് പ്രയാസം സൃഷ്ടിക്കുമെന്നതുകൂടാതെ മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നും പോലീസ് വക്താവ് സൂചിപ്പിച്ചു.