ചെന്നൈ- തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിനെതിരെ അപകീര്‍ത്തിപരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന കേസില്‍ തമിഴ് വാരികയായ നക്കീരന്‍ എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ പുനെയിലേക്കു പോകാന്‍ ചെന്നൈ വിമാനത്താവളത്തിലയപ്പോഴാണ് ഗോപാലനെ കസ്റ്റഡിയിലെടുത്തത്. കോളെജ് അധ്യാപികയായ നിര്‍മല ദേവി മാര്‍ക്കിനു വേണ്ടി വിദ്യാര്‍ത്ഥിനികളെ യൂണിവേഴ്‌സിറ്റി അധികൃതരുമായി ലൈംഗിബന്ധത്തിന് പ്രേരിപ്പിച്ച കേസിനെ കുറിച്ചുള്ള ലേഖനത്തിലാണ് ഗവര്‍ണക്കെതിരെ പരാമര്‍ശങ്ങളുള്ളത്. വിദ്യാര്‍ത്ഥിനികളുമായി താന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറേയും അദ്ദേഹത്തിന്റെ ചീഫ് സെക്രട്ടറി ആര്‍. രാജഗോപാലിനേയും കണ്ടിട്ടുണ്ടെന്ന് നിര്‍മലാ ദേവി കുറ്റസമ്മതം നടത്തിയെന്ന് ഒരു പോലീസ് ഓഫീസര്‍ പറഞ്ഞുവെന്നാണ് ഗോപാലന്‍ എഴുതിയത്. ഈ കേസില്‍ ഗവര്‍ണര്‍ ബന്‍വരിലാലിനെതിരെ അന്വേഷണം ഉണ്ടായില്ലെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
ഈ ലേഖനം അപകീര്‍ത്തിപരവും കുറ്റകരവുമാണെന്ന് പോലീസ് പറഞ്ഞു. ഈ ആരോപണം നേരത്തെ ഗവര്‍ണര്‍ തള്ളിയിട്ടുണ്ട്. ഈ അധ്യാപികയെ ഒരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ മുന്‍ ഉദ്യോഗസ്ഥന്‍ ആര്‍ സന്താനത്തെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ക്കെതിരായ അതിക്രമം നടത്തി എന്ന കുറ്റചുമത്തിയാണ് ഗോപാലനെതിരെ കേസെടുക്കുക എന്നറിയുന്നു. ജൂലൈ മുതല്‍ നക്കീരന്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഗവര്‍ണര്‍ക്കെതിരെ ദുരുദ്ദേശത്തോടെ പ്രസിദ്ധീകരിച്ച് വരുന്നതെന്ന് ഒരു രാജ്ഭവന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാര്‍ത്തകളുടേയും പ്രസംഗങ്ങളുടേയും പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ അപകീര്‍ത്തി കേസ് നല്‍കുന്നത് തമിഴ്‌നാട്ടില്‍ പതിവാണ്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കാലത്തു മാത്രം ഇത്തരത്തില്‍ ഇരുനൂറിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.