ആലപ്പുഴ- ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസികളെ തെരുവിലിറക്കിയുള്ള സമരം ശരിയല്ലെന്നും ഇതിനു പിന്നില്‍ ഒളിയജണ്ടകളുണ്ടെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോടതി വിധി മാനിക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ല. ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമില്ലാത്ത സ്ത്രീകള്‍ പോകാതിരിക്കുകയാണ് വേണ്ടത്. ശബരിമലയിലെ ആചാരങ്ങളില്‍ ഇതിനുമുമ്പും മാറ്റമുണ്ടായിട്ടുണ്ട്. അന്നൊന്നും ആരും തെരുവിലിറങ്ങിയില്ല. ജാഥയും പ്രകടനവും നടത്തി സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കച്ചവടമുറപ്പിച്ചുള്ള ചിലരുടെ ശ്രമത്തോട് യോജിക്കാനാകില്ല.
പുനപ്പരിശോധനാ ഹര്‍ജി കൊടുത്തിട്ടുണ്ടല്ലോ. അതിന്റെ വിധി വരുവോളം കാത്തിരിക്കണം. ആ വിധി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ സമരം ചെയ്യാം. സമരത്തിനു പിന്നില്‍ എന്‍.എസ്.എസ് ആണോ എന്നാണ് സംശയം. ഇപ്പോള്‍ നടന്നു വരുന്ന പ്രക്ഷോഭത്തിന്റെ പോക്ക് ശരിയല്ല. എല്ലാ സമുദായങ്ങളുമായും ആലോചിച്ചല്ല സമരം നടത്തുന്നത്. തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എന്‍.എസ്.എസും മാത്രമല്ല ഹിന്ദു സമൂഹം. എല്ലാ ഹിന്ദു സംഘടനകളേയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കണം. ഹിന്ദുത്വം പറഞ്ഞു കലാപമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. സമരം കൊണ്ട് ഒരു സമുദായത്തിനും നേട്ടമുണ്ടാകില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ഗോളടിക്കാന്‍ അവസരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിന് ആവശ്യമെങ്കില്‍ സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് കേരളം മുഴുവന്‍ പ്രചാരണം നടത്തുന്നതിനെക്കുറിച്ച് എസ്എന്‍ഡിപി യോഗത്തിന് ആലോചിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.