മീ ടൂവില്‍ നടന്‍ മുകേഷ് എം.എല്‍.എയും പെട്ടു; ലൈംഗികാരോപണവുമായി പ്രമുഖ സിനിമാ പ്രവര്‍ത്തക

മുംബൈ- ലോകത്തൊട്ടാകെ പ്രമുഖരുടെ തനിനിറം തുറന്നു കാട്ടുകയും വെട്ടിലാക്കുകയും ചെയ്ത് തരംഗമായ മീ ടു എന്ന ഹാഷ്ടാഗിലുള്ള ലൈംഗിക പീഡന വെളിപ്പെടുത്തലുകളില്‍ നടന്‍ മുകേഷും പെട്ടു. പ്രമുഖ കാസ്റ്റിങ് ഡയറക്ടറമായ ടെസ് ജോസഫാണ് 19 വര്‍ഷം മുമ്പ് തനിക്ക് മുകേഷില്‍ നിന്നുണ്ടായ ലൈംഗികമായ ദുരനുഭവം ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. സി.പി.ഐം സ്വതന്ത്ര്യ എം.എല്‍.എ കൂടിയായ മുകേഷ് അവതാരകനായ കോടീശ്വരന്‍ എന്ന ക്വിസ് പരിപാടി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ തങ്ങുമ്പോഴായിരുന്നു സംഭവമെന്നും ടെസ് വെളിപ്പെടുത്തി. മുകേഷ് പലതവണ എന്റെ മുറിയിലേക്ക് ഫോണ്‍ വിളിച്ചുവെന്നും അവസാനം തന്റെ മുറി മാറ്റിച്ച് അദ്ദേഹത്തിന്റെ മുറിക്കടുത്താക്കിയെന്നും അവര്‍ ആരോപിച്ചു. അന്ന് 20 വയസ്സായിരുന്നു തനിക്കെന്നും ടെസ് പറയുന്നു. അന്നത്തെ തന്റെ ബോസും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെരക് ഒബ്രെയിന്‍ ഇടപെട്ടാണ് രക്ഷിച്ചതെന്നും ടെസ് വെളിപ്പെടുത്തുന്നു.

പരിപാടി നിര്‍മ്മിക്കുന്ന സംഘത്തിലെ ഏക വനിതയായിരുന്നു താന്‍. ഒരു രാത്രി എന്റെ മുറിയിലേക്കുള്ള വിളികള്‍ നില്‍ക്കുന്നില്ല. അതോടെ സഹപ്രവര്‍ത്തകരുടെ മുറിയില്‍ നില്‍ക്കേണ്ടി വന്നു. ഈ സംഭവത്തില്‍ തന്റെ താമസം മറ്റൊരു നിലയിലെ മുറിയിലേക്കു മാറ്റിയ ലെ മെറിഡിയന്‍ ഹോട്ടലും കുറ്റക്കാരാണെന്നും ടെസ് ആരോപിച്ചു. മുറി എന്തു കൊണ്ട് മാറ്റി എന്ന് അന്വേഷിച്ചപ്പോള്‍ മുകേഷ് പറഞ്ഞു കൊണ്ടാണെന്നായിരുന്നു ഒരു സങ്കോചവുമില്ലാതെ അവരുടെ മറുപടി. ലൈംഗിക വേട്ടക്കാര്‍ക്ക് വഴിയൊരുക്കിയ ലെ മെറിഡിയനും കുറ്റക്കാരാണ്. എല്ലാ ഹോട്ടലുകാരും ഇതോര്‍ക്കണം. വേട്ടക്കാര്‍ക്ക് അവസരമൊരുക്കിയാല്‍ നിങ്ങള്‍ക്കും ഈ പീഡനത്തില്‍ പങ്കുണ്ടാകും-ടെസ് പറഞ്ഞു.

ഇന്ത്യയിലേയും വിദശേത്തേയും മുന്‍ നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് രാജ്യാന്തര പ്രശസ്തി നേടിയ ചലച്ചിത്ര പ്രവര്‍ത്തകയാണ് ടെസ്. നിരവധി സിനിമികള്‍ക്കും അവാര്‍ഡിനര്‍ഹമായ ഡോക്യുമെന്ററികള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും പിന്നണിയില്‍ പ്രൊഡ്യൂസറായും കോ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest News