ന്യുദല്‍ഹി- മുന്‍ ജലന്തര്‍ ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രദ്ധയിലുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). കേരള പോലീസിന്റെ അന്വേഷണ ഫലം അറിയാന്‍ കാത്തിരിക്കുകയാണെന്നും വത്തിക്കാന്‍ പ്രതിനിധികള്‍ ഇന്ത്യയിലെ കള്‍ദിനാള്‍മാരെ അറിയിച്ചു. വത്തിക്കാനില്‍ നടക്കുന്ന സിനഡിനിടെ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്ക ബാവ, സി.ബി.സി.ഐ അധ്യക്ഷന്‍ ജോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ അടക്കമുള്ള ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നു. കേസിന്റെ സ്ഥിതിയും ബിഷപിന്റെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങളും കര്‍ദിനാള്‍മാര്‍ വത്തിക്കാനെ അറിയിച്ചുവെന്നും സി.ബി.സി.ഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.