Sorry, you need to enable JavaScript to visit this website.

ശബരിമല യുവതി പ്രവേശനം:  സമരത്തിനില്ലെന്ന് യു.ഡി.എഫ് 

തിരുവനന്തപുരം - ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സമരത്തിനിറങ്ങേണ്ടെന്ന് യു.ഡി.എഫ് യോഗത്തിൽ തീരുമാനം. 
പ്രത്യക്ഷ സമരത്തിന് ഇറങ്ങില്ലെന്നും അതേസമയം വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും യു.ഡി.എഫ് യോഗത്തിന് ശേഷം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇപ്പോഴുള്ള പ്രതിസന്ധിയുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. 1990ലെ ജസ്റ്റിസ് പരിപൂർണന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല വിഷയത്തിൽ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉയർത്തിപ്പിടിക്കണമെന്ന് 2016ലെ ഉമ്മൻചാണ്ടി സർക്കാർ സത്യവാങ്മൂലം നൽകിയത്. ദേവസ്വം ബോർഡും ഈ തരത്തിലാണ് സത്യവാങ്മൂലം നൽകിയത്. എന്നാൽ എൽ.ഡി.എഫ് സർക്കാർ അതിനു കടകവിരുദ്ധമായ നിലപാടാണു സുപ്രീം കോടതിയിൽ സ്വീകരിച്ചത്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ അനുവദിക്കില്ല. 
ശബരിമലയെ സംഘർഷ ഭൂമിയാക്കുന്ന ഒരു നടപടിയോടും യു.ഡി.എഫിനു യോജിപ്പില്ല. ശബരിമലയുടെ പേരിൽ അക്രമം, ഹർത്താൽ എന്നിവയോടും യോജിപ്പില്ല. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാനാണു യു.ഡി.എഫ് ശ്രമിക്കുന്നത്. ഭരണഘടന ജനങ്ങൾക്കു നൽകുന്ന പിൻബലത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസികൾക്കുള്ള സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമുണ്ട്. എല്ലാ മതങ്ങളെയും അംഗീകരിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. മുസ്ലിം സ്ത്രീകളെ സുന്നി പള്ളികളിൽ പ്രവേശിപ്പിക്കണമെന്നാണു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അതു പറയാൻ ബന്ധപ്പെട്ടവരുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Latest News