ന്യൂദല്‍ഹി- ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു കക്ഷിയുമായും വിശാല സഖ്യം ഇല്ലെന്ന് ആവര്‍ത്തിച്ചും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നീക്കുപോക്ക് ഉണ്ടാകുമെന്ന് വ്യക്തമാക്കിയും സി.പി.എം. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രഥമ ലക്ഷ്യം. അതേസമയം തെലങ്കാനയില്‍ സി.പി.എം ബഹുജന ഇടതു മുന്നണിയുടെ ഭാഗമാകും.
എന്നാല്‍, ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ സഖ്യവും ഉണ്ടാക്കില്ലെന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ് അന്തിമമെന്നു പറയുമ്പോഴും രാജസ്ഥാന്‍, ഛത്തീസ്ഗഢ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ സഹകരണം തീര്‍ത്തും വേണ്ടെന്നു വെക്കില്ലെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണത്തില്‍നിന്നു വ്യക്തമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിച്ചു ബാക്കിവരുന്ന സീറ്റുകളില്‍ ബി.ജെ.പിക്കെതിരേ നില്‍ക്കുന്ന കക്ഷികളുമായി സഹകരിക്കുമെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്.
ബി.ജെ.പിയെ പരാജയപ്പെടുത്തുക, പാര്‍ലമെന്റില്‍ സി.പി.എമ്മിനെ ശക്തിപ്പെടുത്തുക, കേന്ദ്രത്തില്‍ ഒരു മതേതര ബദല്‍ സര്‍ക്കാരുണ്ടാക്കുക എന്നിവയാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. 2019 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തത്. മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, ഇന്ധന വില വര്‍ധന, തൊഴിലില്ലായ്മ വര്‍ധന, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നീ ദ്രോഹങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ സമൂഹത്തില്‍ വെറുപ്പിന്റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത്തരം സംഘര്‍ഷങ്ങളില്‍ ദളിതരും മുസ്്‌ലിംകളും ഉള്‍പ്പെടെ നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് മേലും ഭരണഘടനാ സ്ഥാപനങ്ങളിലേക്കും ഇത്തരത്തിലുള്ള കടന്നു കയറ്റങ്ങള്‍ നടക്കുന്നു. ഇന്ത്യയെ അമേരിക്കയുടെ ജൂനിയറാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനം അനുസരിച്ച് വരുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തില്‍ നിന്നു താഴെയിറക്കുക എന്നതാണ് പാര്‍ട്ടിയുടെ മുഖ്യ അജണ്ട.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്റെ നിയമസഭാ അംഗബലം കൂട്ടാന്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ ബി.ജെ.പിക്കെതിരെ ശക്തമായി പ്രചാരണം നടത്തുമെന്നാണ് യെച്ചൂരി പറഞ്ഞത്. ഈ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ബി.ജെ.പിയാണ് മുഖ്യ എതിരാളിയെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയും ചെയ്തു. പരാമവധി ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.
ഒക്ടോബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന കിസാന്‍ ലോംഗ് മാര്‍ച്ചിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കും. നവംബര്‍ മൂന്നിന് തൊഴിലില്ലായ്മക്കെതിരെ യുവാക്കളുടെ പ്രതിഷേധം സംഘടിപ്പിക്കും. അടുത്ത വര്‍ഷം ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ രാജ്യാവ്യാപകമായി ട്രേഡ് യൂണിയനുകളുടെ സമരം നടക്കും. മോഡി സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നു കാണിക്കാന്‍ സി.പി.എം രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. റഫാല്‍ വിഷയം ഉയര്‍ത്തിക്കാട്ടിയായിരിക്കും പ്രചാരണം നടത്തുന്നത്. റഫാല്‍ ഇടപാടില്‍ മോഡിയുടെ വ്യവസായി സുഹൃത്തിനെ സഹായിക്കാനുള്ള അട്ടിമറികളാണു നടന്നിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ തന്നെ അപകടത്തിലാക്കുന്നതാണ് ഇടപാട്. തെരഞ്ഞെടുപ്പു ബോണ്ടുകള്‍ ഉപയോഗിച്ചു ബി.ജെ.പി കണക്കില്‍ പെടാത്ത ഫണ്ട് ശേഖരിക്കുകാണ്. ആരും ചോദ്യം ചെയ്യാനില്ല എന്ന ഉറപ്പിലാണ് ഇത്തരം രാഷ്ട്രീയ അഴിമതികള്‍ നടത്തുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷകത്തില്‍ ഇടതു പാര്‍ട്ടികള്‍ സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേന്ദ്ര കമ്മിറ്റിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.