ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐക്കും മറ്റു രാജ്യങ്ങള്‍ക്കും വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ ബ്രഹ്്‌മോസ് എയ്‌റോ സ്‌പേസ് കമ്പനിയിലെ (ബി.എം.ആര്‍.സി) എന്‍ജിനീയര്‍ അറസ്റ്റില്‍. ബ്രഹ് മോസ് മിസൈലിന്റെ സുപ്രധാന ഘടകങ്ങള്‍ നിര്‍മിക്കുന്ന സ്വകാര്യ സ്ഥാപനമാണിത്.
നാലു വര്‍ഷമായി സ്വകാര്യ കമ്പനിയുടെ സാങ്കേതിക ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന നിഷാന്ത് അഗര്‍വാളാണ് അറസ്റ്റിലായത്. കുരുക്ഷേത്ര നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ സ്വര്‍ണ മെഡലോടെ പഠനം പൂര്‍ത്തിയാക്കിയ നിഷാന്ത് മികച്ച എന്‍ജിനീയറെന്ന പേരെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു നിഷാന്തിന്റെ വിവാഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മിലിറ്ററി ഇന്റലിജന്‍സും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് പോലീസും സംയുക്തമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ ഫേസ്ബുക്ക് ഐ.ഡി വഴി ഇയാളെ പെണ്‍കെണിയില്‍ വീഴ്ത്തിയതാണോ എന്നു സംശയിക്കുന്നു. ചാറ്റ് ചെയ്ത ഫേസ്ബുക്ക് ഐ.ഡി പാക്കിസ്ഥാനിലേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിഷാന്തിന്റെ കമ്പ്യൂട്ടറില്‍ സുപ്രധാന രഹസ്യ വിവരങ്ങള്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍ നിന്നുള്ളവരുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതിനും തെളിവു ലഭിച്ചതായി ഭീകര വിരുദ്ധ സ്‌ക്വാഡ് മേധാവി അസീം അരുണ്‍ പറഞ്ഞു. വീട്ടില്‍നിന്നും ഓഫീസില്‍ നിന്നും കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഐ.എസ്.ഐക്കും മറ്റു രാജ്യങ്ങളിലെ ഏജന്‍സികള്‍ക്കും രഹസ്യ വിവരങ്ങള്‍ കൈമാറിയന്നാണ് സംശയിക്കുന്നതെങ്കിലും ബ്രഹ്്‌മോസുമായി ബന്ധപ്പെട്ട ഇന്റഗ്രേഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച ഇയാള്‍ക്ക് രഹസ്യ വിവരങ്ങള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പ്രതിരോധ ഗവേഷണ, വികസന സംഘടനയുടെ (ഡി.ആര്‍.ഡി.ഒ) കാണ്‍പൂരിലെ ലാബില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ശാസ്ത്രജ്ഞര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവരുടെ ചില നീക്കങ്ങളെ കുറിച്ച് സംശയമുയര്‍ന്ന സാഹചര്യത്തിലാണിത്.
ബ്രഹ്്‌മോസ് മിസൈലിന്റെ പ്രധാന ഭാഗങ്ങള്‍ നിര്‍മിക്കുന്ന ബി.എം.ആര്‍.സി ആദ്യമായാണ് ചാര പ്രവര്‍ത്തന വിവാദത്തിലകപ്പെടുന്നത്. കരയില്‍ നിന്നും വിമാനത്തില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും തൊടുക്കാന്‍ ശേഷിയുള്ള ബ്രഹ്്‌മോസ് മിസൈല്‍ ലോകത്ത് ഏറ്റവും വേഗതയറേയ മിസൈലാണ്. 300 കി.മീ അകലെ വരെയുള്ള ലക്ഷ്യങ്ങളിലേത്തിക്കാവുന്ന മിസൈലിന് ബ്രഹ്്മപുത്ര നദിയും മോസ്‌കോയും ചേര്‍ത്താണ് ബ്രഹ്്‌മോസ് എന്ന പേരു സ്വീകരിച്ചത്.
---