ലോകം മുഴുവന്‍ ആരാധകരുള്ള ചൈനീസ് ചലച്ചിത്രതാരം ഫാന്‍ ബിംഗ്ബിംഗ് പിഴ അടച്ച് മുടിയും. നികുതിവെട്ടിച്ചതിന് 129 മില്യന്‍ ഡോളറാ(942 കോടി രൂപ)ാണ് മെഗാതാരത്തിന് പിഴയിട്ടിരിക്കുന്നത്. ഉടന്‍ തന്നെ അടയ്ക്കുകയും വേണം. വരുമാനം കുറച്ചു കാട്ടി നികുതിവെട്ടിച്ചതിനാണ്
ബിംഗ്ബിംഗിനെ പൊക്കിയത്. ചൈനയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ബിംഗ്ബിംഗ്. ചൈനീസ് നടികള്‍ പ്രതിഫലം കൈപ്പറ്റുമ്പോള്‍ രണ്ട് കരാറുകള്‍
ഉണ്ടാക്കുന്ന പതിവുണ്ട്. ഒന്നില്‍ പ്രതിഫലത്തുക കുറച്ചുകാണിക്കും. രണ്ടാമത്തേതില്‍ ശരിക്കുള്ള പ്രതിഫലവും കാണിക്കും. ആദ്യത്തേതാണ് നികുതിവിഭാഗത്തിന് നല്‍കുന്നത്. ഈ തട്ടിപ്പിലാണ് ബിംഗ്ബിംഗ് കുടുങ്ങിയത്.
നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നുമാണ് ബിംഗ്ബിംഗുമായി അടുപ്പമുള്ളവര്‍ പറഞ്ഞിരുന്നത്. പിന്നീടാണ് താരത്തെ കാണാതാവുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷയായി. തിരോധാനം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി. ബിംഗ്ബിംഗ് സര്‍ക്കാര്‍ തടവിലാണെന്നുവരെ വാര്‍ത്തകള്‍ പുറത്തുവന്നു. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്കിയ പത്രം അത് പിന്‍വലിച്ച് മാപ്പുപറഞ്ഞ് തടിയൂരി.
നടി എവിടെയാണെന്ന ചര്‍ച്ച പൊടിപൊടിക്കെയാണ് പിഴശിക്ഷയുടെ വാര്‍ത്ത പുറത്തുവന്നത്. അതോടെ അജ്ഞാതവാസം അവസാനിപ്പിച്ച് ആരാധകരോടും
രാജ്യത്തോടും മാപ്പു ചോദിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
ചൈനീസ് ചിത്രങ്ങള്‍ക്കൊപ്പം ഹോളിവുഡ് ചിത്രങ്ങളിലും ബിംഗ്ബിംഗ് അഭിനയിച്ചിട്ടുണ്ട്. ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയില് അറുപത്തിരണ്ട് ലക്ഷം ഫോളവേഴ്സാണ് ഈ മുപ്പത്തേഴുകാരിക്കുള്ളത്.