ബെയ്ജിംഗ്- ചൈനയില്‍ അറസ്റ്റിലായ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസഷന്‍ (ഇന്‍ര്‍പോള്‍) മുന്‍ മേധാവി മെങ് ഹോങ്‌വെയി കൈക്കൂലി വാങ്ങിയിരുന്നുവെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു.
മെങിനെതിരായ അന്വേഷണത്തിന് അര്‍ധരാത്രി വിളിച്ചുചേര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മിറ്റി യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷി ജിന്‍പിങിനും പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കും പിന്തുണ ആവര്‍ത്തിച്ചാണ് യോഗം അവസാനിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മെങിന്റെ സഹായികളെ ചോദ്യം ചെയ്യുന്നതിന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചതായും പൊതുസുരക്ഷാ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ തനിക്ക് മാത്രമേ പങ്കുള്ളൂ എന്ന് മെങ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ചര്‍ച്ചക്കോ വിലപേശലിനോ സാധ്യതയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒരാഴ്ചയായി അപ്രത്യക്ഷനായ മെങിന്റെ രാജിക്കെത്ത് ഞായറാഴ്ച ഇന്റര്‍പോള്‍ ആസ്ഥാനത്ത് ലഭിച്ചിരുന്നു. ഏജന്‍സിയുടെ ഭരണഘടനയും ആഭ്യന്തര ചട്ടങ്ങളും അനുസരിച്ച് ഇന്റര്‍പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ദക്ഷിണ കൊറിയ സ്വദേശിയുമായ കിം ജോംഗ് യാങ് ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. നവംബര്‍ 18 മുതല്‍ 21 വരെ ദുബായില്‍ നടക്കുന്ന ജനറല്‍ അസംബ്ലി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. മെങിന്റെ കാലാവധിയില്‍ അവശേഷിക്കുന്ന രണ്ടു വര്‍ഷത്തേക്കാണ് പുതിയ പ്രസിഡന്റിനെ നിയോഗിക്കുക. 2016 നവംബറിലാണ് മെങ് ഇന്റര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലെത്തുന്ന ആദ്യ ചൈനക്കാരനായിരുന്നു മെങ്.