ശ്രീനഗർ- താഴ്വരയിലെ രണ്ടു പ്രമുഖ പാർട്ടികളുടെ ബഹിഷ്‌കരണത്തിനിടെ ജമ്മു കശ്മീരിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. നാഷണൽ കോൺഫ്രൻസ്, പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി എന്നിവയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. സംസ്ഥാനത്തെ 1100 മുനിസിപ്പൽ വാർഡുകളിലെ 422 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ്. നാലു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 2,990 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. രാവിലെ ഏഴുമുതൽ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. 240 പേർ ഇതേവരെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കശ്മീർ താഴ്വരയിലാണ് ഏറ്റവും കൂടുതൽ പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് മുനിസിപ്പൽ സമിതികളിലും തങ്ങൾക്ക് ഇതോടെ ഭൂരിപക്ഷം ലഭിച്ചതായി ബി.ജെ.പി അവകാശപ്പെട്ടു. 2005-ന് ശേഷം ഇതാദ്യമായാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പിൽ കേന്ദ്രം തുടരുന്ന നിസംഗഭാവത്തിൽ പ്രതിഷേധിച്ചാണ് നാഷണൽ കോൺഫറൻസും പി.ഡി.പിയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.