ചെന്നൈ- തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ പോലീസ് നിർദേശിച്ചതായി ആശുപത്രി അധികൃതർ. ഐ.സി.യു, സി.സി.യു, ആശുപത്രിയിലെ ചികിത്സാ മുറികൾ തുടങ്ങിയവയിൽ സിസിടിവി ഇല്ല. സുരക്ഷ മുൻനിർത്തി ആശുപത്രി ഇടനാഴികളിലും പ്രവേശന കവാടങ്ങളിലുമാണു സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതെന്നും ജയലളിതയുടെ മരണം അന്വേഷിക്കുന്ന സമിതിക്കു നൽകിയ സത്യവാങ്മൂലത്തിൽ അവർ അറിയിച്ചു.
സ്‌കാനിങ് അടക്കമുള്ള വിവിധ പരിശോധനകൾക്കായി ജയലളിതയെ മുറിയിൽനിന്നു പുറത്തേക്കു കൊണ്ടുവരുമ്പോൾ ആ ഭാഗത്തെ സിസിടിവി ക്യാമറകൾ പൊലീസിന്റെ നിർദേശപ്രകാരം ഓഫ് ചെയ്തു വച്ചിരുന്നു. ഇന്റലിജൻസ് ഐ.ജി കെ.എൻ. സത്യമൂർത്തി നേരിട്ടുതന്നെ ഇത്തരം നിർദേശം നൽകിയിരുന്നു. ജയലളിത തിരിച്ചു മുറിയിലെത്തിയതിനു പിന്നാലെ ഈ ക്യാമറകൾ സ്വിച്ച് ഓൺ ചെയ്യാറുണ്ടായിരുന്നുവെന്നും ആശുപത്രിക്കുവേണ്ടി ഹാജരായ മൈമുന ബാദ്ഷ പറഞ്ഞു. 2016 സെപ്റ്റംബർ 23ന് ആദ്യത്തെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയപ്പോൾ ജയലളിത ഇടപെട്ടിരുന്നു. തന്റെ ആശുപത്രിവാസം പരസ്യമാക്കണമെന്നും ആളുകൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കരുതെന്നും അവർ നിർദേശിച്ചു. മാത്രമല്ല, പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനുകളെല്ലാം അന്നത്തെ ചീഫ് സെക്രട്ടറി, രാമ മോഹന റാവു, ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ എന്നിവർ അംഗീകരിച്ചതിനുശേഷമാണു പുറത്തുവിട്ടതെന്നും അവർ കൂട്ടിച്ചേർത്തു.