ന്യൂദൽഹി- ക്വീൻ സിനിമയുടെ നിർമാണ വേളയിൽ സംവിധായകൻ വികാസ് ബാഹ്ൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട് നായിക കങ്കണ റാവത്ത്. വികാസിനെതിരെ നേരത്തെ സമാന ആരോപണമുന്നയിച്ച മറ്റൊരു നടിയെ പിന്താങ്ങിയാണ് റാവത്തിന്റെ വെളിപ്പെടുത്തൽ.
2014 ൽ ക്വീൻ സിനിമയുടെ ഷൂട്ടിംഗ് വേളയിൽ ബാഹ്ൽ വിവാഹിതനായിരുന്നുവെങ്കിലും പുതിയൊരു പങ്കാളിയുമായി എല്ലാ ദിവസവും ലൈംഗിക വിനോദങ്ങളിലേർപ്പെടുക അയാളുടെ സ്വഭാവമായിരുന്നുവെന്ന് കങ്കണ പറഞ്ഞു.
ആളുകളേയും അവരുടെ വിവാഹ ബന്ധങ്ങളേയും കുറിച്ച് വിധി പറയാൻ ഞാനാളല്ല. എന്നാൽ ആക്രാന്തം അസുഖമായി മാറുന്ന ചിലരുണ്ട്. എല്ലാ രാത്രിയും പാർട്ടി നടത്തുന്നയാളാണ് വികാസ്. എന്നേയും കൂടെയുറങ്ങാൻ നിർബന്ധിച്ചു- 31 കാരിയായ നടി പറഞ്ഞു. തന്നെ കാണുമ്പോഴെല്ലാം കെട്ടിപ്പിടിക്കുകയും പിടിച്ചമർത്തുകയും ചെയ്യുമായിരുന്നുവെന്ന് അവർ പറഞ്ഞു.
സ്വീകരിച്ച് ആശ്ലേഷിക്കുകയാണെന്ന് മറ്റുള്ളവർ കരുതും. എന്നാൽ എന്റെ കഴുത്തിൽ അയാളുടെ മുഖം ഒളിപ്പിക്കുകയായിരുന്നു സ്ഥിരം പരിപാടി. എന്റെ മുടിയുടെ ഗന്ധം ആസ്വദിക്കാനും അയാൾ തയാറായി. അയാളുടെ ആലിംഗനത്തിൽനിന്ന് വളരെ പാടുപെട്ടാണ് ഞാൻ മുക്തയായിരുന്നത്. അയാൾക്കെന്തോ കുഴപ്പമുണ്ടായിരുന്നു- കങ്കണ പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ തുറന്നുപറച്ചിൽ.
ഏതാനും നാളുകളായി ബോളിവുഡ് ഇത്തരം ലൈംഗിക പീഡന പരാതികളാൽ മുഖരിതമാണ്.
നടൻ നാനാ പടേക്കർക്കെതിരായ നടി തനുശ്രീ ദത്തയുടെ പരാതി പോലീസിലെത്തിയതിന് പിന്നാലെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ.