Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്  ഇലക്ഷൻ കമ്മീഷൻ മുന്നൊരുക്കം തുടങ്ങി

ന്യൂദൽഹി- 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്തുടനീളം ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങൾ, വിവിപാറ്റ് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികളാണ് ദ്രുതഗതിയിൽ നടക്കുന്നത്.
22.3 ലക്ഷം ബാലറ്റ് യൂനിറ്റുകളും 16.3 ലക്ഷം കൺട്രോൾ യൂനിറ്റുകളുമാണ് വേണ്ടത്. 17.3 ലക്ഷം വിവി പാറ്റുകളും ആവശ്യമുണ്ടെന്ന് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. 
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ നിയമനത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്കാണ് കമ്മീഷൻ ഇനി കടക്കുന്നത്. രാജ്യത്തുടനീളം 10.6 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലേക്ക് വേണ്ട ജീവനക്കാരെ പരിശീലിപ്പിച്ച് വിന്യസിക്കുകയാണ് ശ്രമകരമായ ദൗത്യം. 
അതിനിടെ, അഞ്ചു സംസ്ഥാനങ്ങളിൽ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇവിടങ്ങളിൽ രാഷ്ട്രീയപാർട്ടികൾ സജീവമായി. ബി.ജെ.പി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന അഭിപ്രായ സർവേ ബി.ജെ.പി കേന്ദ്രങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ ബി.ജെ.പിക്കു കൈവിട്ടു പോകുമെന്നാണ് എ.ബി.പി ന്യൂസ് നടത്തിയ സർവേയുടെ ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കപ്പെടുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷയേകുന്ന സൂചനകളാണുള്ളത്. 
രാജസ്ഥാനിലെ 200 സീറ്റിൽ 142 എണ്ണം കോൺഗ്രസ് നേടുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. ഛത്തിസ്ഗഢിൽ 90 സീറ്റിൽ 47 എണ്ണം കോൺഗ്രസിനും 41 സീറ്റ് ബി.ജെ.പിക്കും ബാക്കിയുള്ള രണ്ട് സീറ്റ് മറ്റുള്ളവർക്കും ലഭിക്കും എന്നാണ് സർവേ. മധ്യപ്രദേശിൽ കോൺഗ്രസ് 230 ൽ 122 സീറ്റുകളും ബി.ജെ.പി 108 സീറ്റുകളും നേടുമെന്നാണ് പ്രവചനം. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലെ പോരാട്ടത്തെ കാണുന്നത്. തുടർഭരണം ലക്ഷ്യമിടുന്ന ബി.ജെ.പിക്കും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിനും നിർണായകമാണ് ഈ സംസ്ഥാനങ്ങളിലെ ഫലം.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബി.ജെ.പിയാണ് ഭരിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി ഭരണം. വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറം കോൺഗ്രസ് ഭരിക്കുമ്പോൾ തെലങ്കാന ടി.ആർ.എസിന്റെ കയ്യിലായിരുന്നു. നാലു സംസ്ഥാനങ്ങളും കാലാവധി തീർന്ന് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ തെലങ്കാനയിൽ ടി.ആർ.എസ് തലവനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു കാലാവധി തീരും മുൻപേ സഭ പിരിച്ചു വിടുകയായിരുന്നു. 

Latest News