Sorry, you need to enable JavaScript to visit this website.

റോഡ് ഷോക്കിടെ തീ, രാഹുൽ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്

ഭോപാൽ- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. മധ്യപ്രദേശിലെ ജബൽപുരിൽ കോൺഗ്രസ് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോക്കിടെയാണ് രാഹുലിന് നേരെ അപകടമുണ്ടായത്. വാഹനത്തിൽ അണികളെ അഭിവാദ്യം ചെയ്ത് നീങ്ങുന്നതിനിടെ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. രാഹുലിനെ അഭിവാദ്യം ചെയ്യുന്നതിനിടെ ഗ്യാസ് ബലൂണിൽ തീ പടരുകയായിരുന്നു. രാഹുൽ തൊട്ടടുത്ത് നിൽക്കുമ്പോഴായിരുന്നു മുകളിലേക്ക് ഉയർന്നുനിൽക്കുന്ന ഒരു കൂട്ടം ബലൂണുകൾക്ക് തീപിടിച്ചത്. ഇത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. 
രാഹുലിനൊപ്പം കോൺഗ്രസ് നേതാക്കളായ കമൽ നാഥ്, ജോതിരാദിത്യസിന്ധ്യ എന്നിവരുമുണ്ടായിരുന്നു. തുറന്ന ജീപ്പിലായിരുന്നു നേതാക്കളുടെ റോഡ് ഷോ. 
അതേസമയം, ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ച്ചയും ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. റോഡ് ഷോ കാണാനെത്തിയവർ പതിനഞ്ച് മീറ്റർ അകലെയായിരുന്നു ഉണ്ടായിരുന്നത്. ലാത്തിചാർജ് നടത്തിയില്ലെന്നും പോലീസ് വ്യക്തമാക്കി. 
രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിനുള്ള സുരക്ഷയിൽ പിഴവ് സംഭവിക്കുന്നത് ഈയിടെ പതിവായിട്ടുണ്ട്. കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ സഞ്ചരിച്ച വിമാനവും അപകടത്തിൽ പെട്ടിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിക്ക് നേരെ ഗുജറാത്തിൽ കല്ലേറുണ്ടായതും കോൺഗ്രസ് പാർലമെന്റിൽ ഉന്നയിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രോട്ടോകോൾ രാഹുൽ ഗാന്ധി തന്നെ ലംഘിക്കുന്നുവെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
 

Latest News