ന്യുദല്‍ഹി- ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ റെയില്‍വെയിലെ 1.2 ലക്ഷം ഒഴിവുകളിലേക്കായി അപേക്ഷിച്ചത് 2.37 കോടി പേര്‍. ലോകത്തെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്ന റെയില്‍വെ ഇതിനായി ചെലവിടുന്നത് 800 കോടിയോളം രൂപ. അസിസ്റ്റന്റ് ലൊക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍മാര്‍, ഗ്യാങ്മാന്‍, ട്രാക്ക്മാന്‍ തുടങ്ങി വന്‍തോതില്‍ ഒഴിഞ്ഞു കിടക്കുന്ന വിവിധ പോസ്റ്റുകളിലേക്ക് രണ്ടു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് റെയില്‍വെ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഗ്രൂപ്പ് ഡി തസ്തികളിലേക്കുള്ള യോഗ്യതയില്‍ ഇളവു നല്‍കിയതാണ് അപേക്ഷകരുടെ എണ്ണം വന്‍തോതില്‍ ഉയരാന്‍ കാരണം. നേരത്തെ ഈ തസ്തികകള്‍ക്ക് പത്താം ക്ലാസിനു പുറമെ ഐ.ടി.ഐ യോഗ്യതയും നിര്‍ബന്ധമായിരുന്നു. ഇതില്‍ ഐ.ടി.ഐ വേണമെന്ന് നിബന്ധന ഒഴിവാക്കി. കൂടാതെ പ്രായ പരിധിയിലും രണ്ടു വര്‍ഷം കൂട്ടിയതും അപേക്ഷകരുടെ വര്‍ധനയ്ക്കിടയാക്കി.
പ്രധാനമായും സുരക്ഷാ വിഭാഗത്തിലെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. സര്‍വീസുകള്‍ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഇത് റെയില്‍വെയ്ക്കു മേല്‍ സമ്മര്‍ദ്ദം കൂട്ടി. ഇതു പരിഹരിക്കാന്‍ വലിയ റിക്രൂട്ട്‌മെന്റ് അത്യാവശ്യമായിരുന്നുവെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അടിക്കടി ട്രെയിനപകടങ്ങള്‍ ആവര്‍ത്തിച്ചതു വിവാദമായതിനെ തുടര്‍ന്നാണ് പുതിയ റെയില്‍വെ മന്ത്രിയായ പിയൂഷ് ഗോയലിനേയും ബോര്‍ഡ് ചെയര്‍മാനായി ലോഹാനിയേയും നിയമിച്ചത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ അപകടങ്ങളില്‍ റെയില്‍വെയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ തുറന്നു കാട്ടപ്പെട്ടിരുന്നു. തുടര്‍ന്നാണ് സുരക്ഷാ വിഭാഗങ്ങളില്‍ വന്‍തോതില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിന് കളമൊരുങ്ങിയത്.
കോടികള്‍ ചെലവിട്ട് 1.2 ലക്ഷം പേരെ പുതുതായി നിയമിക്കുന്നതോടെ റെയില്‍വെയുടെ സാമ്പത്തിക ചെലവും വര്‍ധിക്കും. പ്രതിവര്‍ഷം ഇത് 4000 കോടിയുടെ അധിക ചെലവുണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. റിക്രൂട്ട്‌മെന്റിനു മാത്രമുള്ള ചെലവ് 800 കോടി രൂപയും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ പരിഷ്‌ക്കരണത്തിനു ശേഷം നടപ്പു സാമ്പത്തിക വര്‍ഷം റെയില്‍വെ ജീവനക്കാരുടെ ഇനത്തില്‍ മാത്രം ചെലവ് 76,000 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 71,000 കോടി ആയിരുന്നു.