തിരുവനന്തപുരം- ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കുന്നതിൽ സമവായ നീക്കത്തിനിറങ്ങിയ സർക്കാറിന് തിരിച്ചടി. സമവായത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച നിശ്ചയിച്ചിരുന്ന ചർച്ചയിൽനിന്ന് തന്ത്രി കുടുംബം പിൻവാങ്ങി. റിവ്യൂ ഹരജിയിൽ തീരുമാനമായ ശേഷം ചർച്ച മതി എന്നാണ് തന്ത്രികുടുംബത്തിന്റെ നിലപാട്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വെള്ളിയാഴ്ചത്തെ തീരുമാനം വന്നതിന് പിന്നാലെയാണ് സമവായ ചർച്ചയ്ക്ക് സർക്കാർ തന്നെ മുൻകൈയെടുത്തത്. തന്ത്രി കുടുംബത്തിലെ മൂന്ന് തന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുമെന്നും പ്രതീക്ഷച്ചിരുന്നു. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ സർക്കാരിന് തീരുമാനമെടുക്കാനാവൂ എന്ന് ചർച്ചയിൽ തന്ത്രി കുടുംബത്തെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. തന്ത്രിമാരുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്താനിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചർച്ച നടത്തുന്നതാണ് നല്ലതെന്ന നിലപാടിലായിരുന്നു സി.പി.എം സംസ്ഥാന നേതൃത്വം. ഇതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. വിഷത്തിൽ ശക്തമാകുന്ന പ്രതിഷേധവും, ബി.ജെ.പിയും, കോൺഗ്രസും വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതുമാണ് സമവായ നീക്കവുമായി മുന്നോട്ട് പോകാൻ സർക്കാരിനെ പ്രധാനമായും പ്രേരിപ്പിച്ചത്.
ശബരിമല സ്ത്രീപ്രവേശനത്തിൽ ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത് കോടതി വിധി നടപ്പാക്കണമെന്നാണ് പാർട്ടി നിലപാടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു അവ്യ ക്തതയും ആശയക്കുഴപ്പവുമില്ല. ഹിന്ദുത്വ വർഗീയവാദികളുടെ കൈയ്യിലാണ് രമേശ് ചെന്നിത്തല ഇപ്പോഴുള്ളത്. പുരോഗമനപരവും മതനിരപേക്ഷവുമായ സമീപനം സ്വീക രിക്കേണ്ട ആളുകൾ എടുക്കേണ്ട സമീപനം അല്ല കേരളത്തിലെ ഒരു വിഭാഗം വരുന്ന കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. ഇതിന്റെ മറവിൽ കേരളത്തിൽ ഒരു കലാപം ഉണ്ടാക്കാൻ അനുവദിക്കില്ല. വിശ്വാസികളെ സർക്കാരിനെതിരായി തിരിച്ചു വിടാനുള്ള നീക്കത്തെ വിശ്വാസികളെ ഉപയോഗിച്ചു തന്നെ ചെറുക്കും. കോടതി വിധി നടപ്പാക്കുന്ന തിന് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടോ, അത് ബന്ധപ്പെട്ടവരുമായി ചർച്ച ചെ യ്ത് നടപ്പാക്കാനുള്ള സഹകരണം തേടുകയാണ്. അല്ലാതെ യുദ്ധം ചെയ്ത് കൊണ്ട് നടപ്പാക്കുകയല്ലെന്നും കോടിയേരി പറഞ്ഞു. സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും പ്രതികരിച്ചു.
അതേ സമയം സ്ത്രീ പ്രവേശനത്തിനെതിരെ ചങ്ങനാശേരിയിലെ സാമുദായിക സാംസ് കാരിക ഭക്തജന സംഘടനകളുടെയും അയ്യപ്പസേവാസമാജത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ശരണമന്ത്രജപ യാത്രയിൽ പന്തളം രാജകുടുംബാംഗങ്ങളും തന്ത്രിമാരും അടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പന്തളം കൊട്ടാരം നിർവാഹക സം ഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമയും ശബരിമല തന്ത്രിമാരായ താഴമൺമഠം കണ്ഠര് രാജീവര് ഉൾപ്പെടെയുള്ള തന്ത്രി കുടുംബാംഗങ്ങളും അക്കീരമൺ കാളിദാസ ഭട്ടതിരിയും കൊടിക്കുന്നിൽ സുരേഷ് എം.പിയും പങ്കെടുത്തു. മതുമൂലവേഴയ്ക്കാട്ട് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശരണമന്ത്രജപ യാത്രയിൽ വീട്ടമ്മമാര ടക്കം വൻ ജനാവലിയാണ് പങ്കെടുത്തത്. ബി.ജെ.പി വിഷയത്തിൽ പ്രത്യക്ഷ സമരത്തി ന് തയ്യാറെടുക്കുകയാണ്. ഇവയെല്ലാം കണക്കിലെടുത്താണ് സർക്കാർ തീരുമാനം.