ന്യൂദല്‍ഹി- സ്ത്രീയുമായി വാട്‌സാപ്പില്‍ ലൈംഗിക ചുവയോടെ ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് പരസ്യമായി മാപ്പ് ചോദിച്ചു. സംഭാഷണം നടത്തിയ സ്ത്രീയോടും ഭാര്യ അനുഷയോടുമാണ് അദ്ദേഹത്തിന്റെ ക്ഷമാപണം.
സ്‌ക്രീന്‍ ഷോട്ടുകള്‍ സത്യമാണെന്നും അതു പക്ഷേ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും ചേതന്‍ ഭഗത് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പുറത്തു വന്ന വെളിപ്പടുത്തല്‍ സത്യമാണെന്നും തനിക്ക് തെറ്റു പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നുമാണ് വിശദമായി എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കിയത്. ചേതന്‍ ഭഗത് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പ്രചരിക്കുന്നത്.
ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. വളരെ ആഴത്തിലുള്ള ഒരു ബന്ധം അവരോട് തോന്നിയിരുന്നു. അങ്ങനെ തോന്നിയതും അത് അവരുമായി പങ്കു വെച്ചതും തനിക്കു പറ്റിയ മണ്ടത്തരമാണ്. താന്‍ ഇതേകുറിച്ച് ഭാര്യയുമായി സംസാരിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ഭാര്യയോട് ക്ഷമ ചോദിച്ചു. എന്നാല്‍ ആഭാസകരമായ രീതിയിലുള്ള വാക്കുകളോ ചിത്രമോ താന്‍ പങ്കുവെച്ചിട്ടില്ല- ചേതന്‍ ഭഗത് പറഞ്ഞു.
അത് വളരെ പഴയ ഒരു സംഭവമാണ്. കൃത്യമായി ഓര്‍ക്കാന്‍ സാധിക്കുന്നില്ല. നമുക്ക് ചില കാര്യങ്ങള്‍ ചില സമയത്ത് തോന്നും. തനിക്കും അങ്ങനെ സംഭവിച്ചു. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയായി ആ സ്ത്രീയെ കണ്ടു. അങ്ങനെ കാണാന്‍ പാടില്ലായിരുന്നു. സ്വകാര്യ സംഭാഷണത്തില്‍ അക്കാര്യം പങ്കുവെക്കരുതായിരുന്നു- അദ്ദേഹം പറഞ്ഞു.
ആരോപണം ഉന്നയിച്ച സ്ത്രീയോടും എല്ലാത്തിലുമുപരി തന്റെ ഭാര്യയോടും താന്‍ ഒരിക്കല്‍കൂടി ക്ഷമചോദിക്കുന്നുവെന്നും അവര്‍ക്ക് തന്നോട് ക്ഷമിക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.