Sorry, you need to enable JavaScript to visit this website.

വൈദ്യുതി കാറുകൾ വരുന്നത് സൗദിക്ക് ഭീഷണിയല്ല-കിരീടാവകാശി

റിയാദ് - വൈദ്യുതി കാറുകൾക്ക് പ്രചാരം ലഭിക്കുന്നത് എണ്ണ വ്യവസായത്തെ ബാധിക്കില്ലെന്നും ഇത് സൗദി അറേബ്യക്ക് ഭീഷണിയല്ലെന്നും കിരീടാവകാശി. 2030 വരെ എണ്ണക്കുള്ള ആവശ്യം വർധിച്ചുകൊണ്ടേയിരിക്കും. എണ്ണയാവശ്യത്തിൽ പ്രതിവർഷം ഒരു ശതമാനം മുതൽ ഒന്നര ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വർഷത്തിനു ശേഷം ചൈനയുടെ എണ്ണയുൽപാദനം കുറയും. എണ്ണയുൽപാദക രാജ്യമെന്നോണമുള്ള പദവി ചില രാജ്യങ്ങൾക്ക് നഷ്ടപ്പെടും. പത്തൊമ്പതു വർഷത്തിനു ശേഷം റഷ്യയുടെ എണ്ണയുൽപാദനവും കുറയും. റഷ്യയുടെ പ്രതിദിന ഉൽപാദനം പത്തു ദശലക്ഷം ബാരലായാണ് കുറയുക. 
ആഗോള വിപണിയിൽ എണ്ണയാവശ്യം വർധിക്കുന്നതിന്റെയും നിലവിലെ ചില എണ്ണ കയറ്റുമതി രാജ്യങ്ങൾ ആഗോള വിപണിയിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നതിന്റെയും ഫലമായി ഭാവിയിൽ സൗദി അറേബ്യ എണ്ണ കയറ്റുമതി വർധിപ്പിക്കേണ്ടിവരും. അതുകൊണ്ടു തന്നെ വൈദ്യുതി കാറുകളുടെ രംഗപ്രവേശം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഭീഷണിയല്ല. 
വൈദ്യുതി അവലംബിക്കുന്ന വിമാനങ്ങളെ കുറിച്ച് ആരും ഇന്ന് സംസാരിക്കുന്നില്ല. വൈദ്യുതി ഇന്ധനമാക്കി സഞ്ചരിക്കുന്ന കപ്പലുകളെ കുറിച്ചും ആരും ഒന്നും പറയുന്നില്ല. പെട്രോകെമിക്കൽ മേഖലയിൽ നിന്നും ക്രൂഡ് ഓയിലിനുള്ള ആവശ്യം ഭാവിയിൽ വർധിക്കും. എല്ലാവരും പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. വസ്ത്രത്തിലും പേനയിലും അടക്കം എല്ലാ വസ്തുക്കളിലും പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ അസംസ്‌കൃത എണ്ണക്കുള്ള ആവശ്യം കുറയുമെന്ന ഭീതി സൗദി അറേബ്യക്കില്ല. 
വൈദ്യുതി കാർ നിർമാതാക്കളായ ടെസ്‌ല കമ്പനിയുടെ ഓഹരികളിൽ ഒരു ഭാഗം ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വാങ്ങിയിട്ടുണ്ട്. 
കമ്പനിയിൽ അഞ്ചു ശതമാനം ഓഹരി പങ്കാളിത്തമാണ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനുള്ളത്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സൗദിയിൽ ടെസ്‌ല വൈദ്യുതി കാറുകളുടെ ഷോറൂമുകൾ തുറക്കും. സൗദിയിൽ ചില മേഖലകളിൽ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. നൂറു ശതമാനം ഉടമസ്ഥാവകാശത്തോടെ ടെസ്‌ലക്കും സൗദിയിൽ ഷോറൂമുകൾ തുറക്കുന്നതിന് സാധിക്കും. താൻ ടെസ്‌ല കാർ ഓടിച്ചിട്ടില്ല. എന്നാൽ ടെസ്‌ലയുടെ നിരവധി കാറുകൾ താൻ കണ്ടിട്ടുണ്ട്. ലോസ്ആഞ്ചലസിൽ ജോർദാൻ ഭരണാധികാരി അബ്ദുല്ല രാജാവ് ഓടിച്ച കാറിൽ അദ്ദേഹത്തോടൊപ്പം താൻ സഞ്ചരിച്ചിട്ടുണ്ട്. വൈദ്യുതി കാറുകൾക്ക് മികച്ച ഭാവിയുണ്ടെന്നാണ് താൻ കരുതുന്നതെന്നും കിരീടാവകാശി പറഞ്ഞു. 
സൗദിയിൽ എത്ര ടെസ്‌ല കാറുകളുണ്ട് എന്നതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ ലഭ്യമല്ല. 
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് അഞ്ചു ടെസ്‌ല കാറുകളുള്ളതായി ചില റിപ്പോർട്ടുകൾ പറയുന്നു. അറബ് ലോകത്ത് നിലവിൽ ദുബായിലും ജോർദാനിലെ അമ്മാനിലും മാത്രമാണ് ടെസ്‌ല കമ്പനി ഷോറൂമുകളുള്ളത്. 
 

Latest News