കൊടും ചൂടാണ് പുറത്ത്. അതൊന്നും പക്ഷെ ബെയ്ജിംഗ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സ്‌കീയിംഗ് മേഖലയിൽ പരിശീലനത്തിലേർപ്പെട്ട ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുൻ ആട്ടിടയന്മാരുടെയൊന്നും ആവേശം ഒട്ടും കുറച്ചില്ല. 2022 ൽ ബെയ്ജിംഗ് ആതിഥ്യമരുളുന്ന ശീതകാല ഒളിംപിക്‌സിന് വളണ്ടിയർമാരാവാനുള്ള പരിശീലനത്തിലാണ് അവർ. ശീതകാല ഒളിംപിക്‌സിന് ആവേശം സൃഷ്ടിക്കാനുള്ള നെട്ടോട്ടത്തിലാണ് ചൈന. ഗെയിംസാവുമ്പോഴേക്കും 30 കോടി ശീതകാല ഗെയിംസ് ആരാധകരെ സൃഷ്ടിക്കണം.
ബെയ്ജിംഗിനടുത്ത യാംഗ്ക്വിംഗ് ജില്ലയിൽ ഈ വേനൽക്കാലത്തുടനീളം പരിശീലനമുണ്ടായിരുന്നു. 2022 ലെ ഗെയിംസിൽ ആൽപീൻ സ്‌കീയിംഗും ബോബ്‌സ്ലെഡിംഗും സ്‌കെലിറ്റനും ലൂജുമുൾപ്പെടെ നിരവധി മത്സരങ്ങൾ അരങ്ങേറുന്നത് ഇവിടെയാണ്.
യാംഗ്ക്വിംഗിൽ ഇപ്പോൾ ആട്ടിടയന്മാരില്ല. എല്ലാവരും ശീതകാല ഒളിംപിക്‌സിന്റെ വളണ്ടിയർമാരാവാനുള്ള ഒരുക്കത്തിലാണ്. എല്ലാ കർഷകരും ആടുകളെ വിറ്റതായി പ്രദേശത്തുകാർ പറയുന്നു.
ആടുകളെ വിൽക്കാൻ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. ആടുകൾ മേയുന്നതു കാരണം മലനിരകളിലെ പുല്ല് വല്ലാതെ കുറയുന്നുണ്ട്. അത് ശീതകാല ഒളിംപിക്‌സിനെ ബാധിക്കും. പരിശീലനത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ എല്ലാ പിന്തുണയുമുണ്ട്. ശീതകാല ഒളിംപിക്‌സിനോടനുബന്ധിച്ച് ജോലി നൽകാമെന്ന വാഗ്ദാനം വേറെ.
സ്‌കീയിംഗ് പഠിച്ചാൽ ഒളിംപിക്‌സിന് ശേഷം സ്‌കീ റിസോർടുകളിൽ ജോലി നേടാമെന്നാണ് ആട്ടിടയന്മാർ കരുതുന്നത്. സ്‌കീയിംഗ് പരിശീലനം കഴിഞ്ഞാൽ ടാക്‌സി ഡ്രൈവർമാരായും ഫാക്ടറി ജീവനക്കാരായും കാർ സെയ്ൽസ്മാന്മാരായുമൊക്കെയാണ് ഇപ്പോൾ അവർ ജീവിതമാർഗം കണ്ടെത്തുന്നത്.
ഡോക്ടർമാരും നഴ്‌സുമാരും പരിശീലനം നടത്തുന്നത് മെഡിക്കൽ വളണ്ടിയർമാരാവാനാണ്. പരിക്കേറ്റ അത്‌ലറ്റുകളെ അടിയന്തരമായി ചികിത്സിക്കാൻ പെട്ടെന്ന് ഇറക്കമിറങ്ങി വരാനുള്ള പരിശീലനമാണ് പ്രധാനമായും നടത്തുന്നത്. ശീതകാല ഒളിംപിക്‌സ് ആതിഥേയ രാജ്യങ്ങൾ മുമ്പും മെഡിക്കൽ രംഗത്തുള്ളവരെ സ്‌കീയിംഗ് പരിശീലിപ്പിച്ച് വളണ്ടിയർമാരാക്കിയിട്ടുണ്ട്. എന്നാൽ കർഷകരെ പരിശീലിപ്പിക്കുന്നത് ഇതാദ്യമായാണ്.