Sorry, you need to enable JavaScript to visit this website.

ഉസ്മാൻ ഖാദിർ...  വഴിമാറി ഒരു യാത്ര

പിതാവിന്റെ വഴിയിലാണ് ഉസ്മാൻ ഖാദിർ. പാക്കിസ്ഥാന്റെ വിഖ്യാത ലെഗ്‌സ്പിന്നർ അബ്ദുൽ ഖാദിറിന്റെ പുത്രൻ പിതാവിനെപ്പോലെ ലെഗ്‌സ്പിന്നറാണ്. എന്നാൽ പിതാവിന്റെ വഴിയിൽ നിന്ന് മാറി നടക്കുകയാണ് ഉസ്മാൻ. പാക്കിസ്ഥാന് കളിക്കുകയല്ല ഉസ്മാന്റെ സ്വപ്‌നം, ഓസ്‌ട്രേലിയയുടെ ലെഗ്‌സ്പിന്നറാവുകയാണ്. ആ സ്വപ്‌നത്തിലേക്കുള്ള ആദ്യ യാത്രയിൽ കഴിഞ്ഞയാഴ്ച വെസ്റ്റേൺ ഓസ്‌ട്രേലിയക്കു വേണ്ടി ഉസ്മാൻ അരങ്ങേറി. മുൻ ഓസീസ് താരം കാമറൂൺ വൈറ്റിനെ ആദ്യ ഓവറിൽ തന്നെ കബളിപ്പിച്ച് തുടക്കം ഗംഭീരമാക്കുകയും ചെയ്തു. 
മെൽബണിലായിരുന്നു ഉസ്മാൻ ഖാദിറിന്റെ അരങ്ങേറ്റ മത്സരം. രണ്ട് പതിറ്റാണ്ട് മുമ്പ് മെൽബണിലെ കാൾടൺ ക്ലബിനു വേണ്ടി 76 വിക്കറ്റെടുത്ത് റെക്കോർഡിട്ടിരുന്നു അബ്ദുൽ ഖാദിർ. ഓസ്‌ട്രേലിയയുമായുള്ള ആ ബന്ധമാണ് ഉസ്മാൻ ഖാദിറിനെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെത്തിച്ചത്. 
പാക്കിസ്ഥാനി സ്പിന്നർ ഓസ്‌ട്രേലിയൻ ടീമിൽ കളിച്ച ചരിത്രമുണ്ട്. 2013 ൽ ലെഗ്‌സ്പിന്നർ ഫവാദ് അഹ്മദ് ഓസീസ് ടീമിലെത്തി. മികച്ച പ്രതിഭയെന്ന നിലയിലുള്ള വിസയിലെത്തിയാണ് ഫവാദ് ഓസ്‌ട്രേലിയൻ പൗരനായത്. പൗരനാവാനുള്ള വഴികൾ അധികൃതർ എളുപ്പമാക്കിക്കൊടുത്തു. രണ്ടു വർഷം കൊണ്ട് ദേശീയ ടീമിലെത്തി. 2020 ലെ ട്വന്റി20 ലോകകപ്പാവുമ്പോഴേക്കും ഓസീസ് ടീമിലെത്തുകയാണ് ഉസ്മാൻ ഖാദിറിന്റെ ലക്ഷ്യം. 
ഇരുപത്തഞ്ചുകാരനായ ഉസ്മാന് ആറു വർഷം മുമ്പാണ് ഓസ്‌ട്രേലിയൻ സ്വപ്‌നം ഉടലെടുക്കുന്നത്. വടക്കൻ ഓസ്‌ട്രേലിയയിൽ നടന്ന 2012 ലെ അണ്ടർ-19 ലോകകപ്പിൽ പാക്കിസ്ഥാന് കളിച്ചപ്പോഴായിരുന്നു അത്. തുടർന്ന് അഡ്‌ലയ്ഡിൽ ക്ലബ് ക്രിക്കറ്റ് കളിച്ചു. 
അബ്ദുൽ ഖാദിർ ചീഫ് സെലക്ടറായിരിക്കെയാണ് ഉസ്മാൻ പാക്കിസ്ഥാൻ ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാൽ വിവാദമുയരുമെന്ന് കരുതി അബ്ദുൽ ഖാദിർ അത് പ്രോത്സാഹിപ്പിച്ചില്ല. ഹാട്രിക് ഉൾപ്പെടെ നേടിയ സമയമായിരുന്നു അത്. അതോടെ ഒന്നര വർഷത്തോളം കളിയിൽ നിന്ന് വിട്ടു നിന്നു. ഓസ്‌ട്രേലിയൻ കളിക്കാരനാവാനുള്ള മോഹം ഉസ്മാൻ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ പാക്കിസ്ഥാൻ വിടരുതെന്നായിരുന്നു പിതാവിന്റെ അന്ത്യശാസനം. മകന് പാക്കിസ്ഥാനിൽ ഭാവിയില്ലെന്ന് വ്യക്തമായതോടെ രണ്ടു വർഷം മുമ്പാണ് അബ്ദുൽ ഖാദിർ സമ്മതം മൂളിയത്. പിതാവെന്ന നിലയിലും മുൻ ക്രിക്കറ്ററെന്ന നിലയിലും പാക്കിസ്ഥാൻ അധികൃതരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അബ്ദുൽ ഖാദിർ പറഞ്ഞു. തന്റെ മറ്റു മക്കളും പാക്കിസ്ഥാന് കളിക്കാൻ കഴിവുള്ളവരായിരുന്നുവെന്ന് അബ്ദുൽ ഖാദിർ പറഞ്ഞു. നിലവിലെ ചീഫ് സെലക്ടർ ഇൻസമാമുൽ ഹഖ് തന്റെ മകനെ പാക്കിസ്ഥാൻ അണ്ടർ-17 ടീമിൽ ഉൾപെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് അബ്ദുൽ ഖാദിർ ഈയിടെ വിവാദമുണ്ടാക്കിയിരുന്നു. 
കഴിഞ്ഞ വർഷം സിഡ്‌നി ക്ലബിനു വേണ്ടി വെറും ആറു കളികളിൽ ഉസ്മാൻ 36 വിക്കറ്റെടുത്തു. ഇപ്പോഴത്തെ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗറാണ് വെസ്റ്റേൺ ഓസ്‌ട്രേലിയക്ക് ഉസ്മാന്റെ പേര് നിർദേശിച്ചത്.

Latest News