ന്യുദല്‍ഹി- രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസോറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ നേരത്തെ നിശ്ചയിച്ച സമയത്തില്‍ മാറ്റം വരുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിക്കു വേണ്ടിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഈ സംസ്ഥാനങ്ങളില തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ കമ്മീഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒരു മണിക്കൂറിനു ശേഷം ഇതു മൂന്ന് മണിയിലേക്കു മാറ്റിയെന്ന അറിയിപ്പ് ലഭിച്ചു. ഇതു മാധ്യമ പ്രവര്‍ത്തകരുടെ സൗകര്യത്തിനാണെന്നാണ് കമ്മീഷന്‍ വിശദീകരണം.
അതേസമയം രാജസ്ഥാനിലെ അജ്മീറില്‍ മോഡിയുടെ ബി.ജെ.പി തെരഞ്ഞെടുപ്പു റാലിക്കു വേണ്ടിയാണ് ഈ സമയമാറ്റന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒരു മണിക്കായിരുന്നു മോഡിയുടെ പ്രസംഗം. തെരഞ്ഞെടുപ്പു തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വരും. ഇതിനു ശേഷം സര്‍ക്കാരിന് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാനാവില്ല. പ്രഖ്യാപന സമയമാറ്റിയതോടെ കമ്മീഷന്റെ സ്വാതന്ത്ര്യം സംശയത്തിലായിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.