ന്യുദല്‍ഹി- വിവിധ സംസ്ഥാനങ്ങളിലെ ആറു മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരായ 194 നേതാക്കള്‍ സ്വത്തും വരുമാനവും വെളിപ്പെടുത്തി തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പം നല്‍കിയത് വ്യാജ പാന്‍ കാര്‍ഡ് വിവരങ്ങളെന്ന് കണ്ടെത്തി. 23 സംസ്ഥാനങ്ങളില്‍ 2006നും 2016നുമിടയില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച നേതാക്കള്‍ കമ്മീഷനു സമര്‍പ്പിച്ച 2000 സത്യവാങ്മൂലം പരിശോധിച്ച അന്വേഷണ വാര്‍ത്താ പോര്‍ട്ടലായ കോബ്ര പോസ്റ്റ് ആണ് ഇതു കണ്ടെത്തിയത്.
വ്യാജ പാന്‍ വിവരങ്ങള്‍ സമര്‍പ്പിച്ച 194 പേരില്‍ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളാണ് കൂടുതലും. 72 കോണ്‍ഗ്രസ് നേതാക്കളും 41 ബി.ജെ.പി നേതാക്കളും. സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി, ജെ.ഡി.യു, എന്‍.സി.പി തുടങ്ങി ചെറുതും വലുതുമായ 29 പാര്‍ട്ടികളിലെ നേതാക്കള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രമുഖരായി ആറു മുന്‍ മുഖ്യമന്ത്രിമാരും ഇപ്പോള്‍ മന്ത്രി പദവിയിലിരിക്കുന്ന പത്തു പേരും എട്ടു മുന്‍ മന്ത്രിമാരും 54 സിറ്റിങ് എം.എല്‍.എമാരും 102 മുന്‍ എം.എല്‍.എമാരും ഉണ്ട്. ഇവരുടെ വരുമാനത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ഗണ്യമായ വര്‍ധനവുണ്ടായതാണ് വ്യാജ രേഖ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്.
മുന്‍ അസം മുഖ്യമന്ത്രിമാരായ തരുണ്‍ ഗൊഗോയ്, ഭുമിധര്‍ ബര്‍മന്‍, മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരായ വീര്‍ഭദ്ര സിങ്, പ്രേം കുമാര്‍ ധുമല്‍, മറ്റു പ്രമുഖ നേതാക്കളായ രാജസ്ഥാന്‍ മന്ത്രി ബിന കാക്, ബിഹാര്‍ മന്ത്രി നന്ദ കിശോര്‍ യാദവ്, മഹാരാഷ്ട്ര മന്ത്രി ദേശ്മുഖ് വിജയകുമാര്‍, ഹരിയാന മന്ത്രി കവിത ജെയ്ന്‍, ഹിമാചല്‍ മന്ത്രി കിശന്‍ കപൂര്‍ എന്നിവരാണ് പട്ടികയിലെ പ്രമുഖര്‍. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നേതാക്കളാണ് വ്യാജ പാന്‍ നല്‍കിയവരില്‍ മുന്നില്‍. 26 നേതാക്കള്‍ തെറ്റായ വിവരമാണ് കമ്മീഷനു നല്‍കിയത്. മധ്യപ്രദേശില്‍ 17, ബിഹാറില്‍ 15, ഉത്തരാഖണ്ഡില്‍ 14, അസമില്‍ 13, ഹിമാചലില്‍ 12, രാജസ്ഥാന്‍ 11ഉം നേതാക്കള്‍ തെറ്റായ പാന്‍ രേഖകള്‍ നല്‍കിയതായി കണ്ടെത്തി.