ന്യൂദല്‍ഹി- രണ്ട് റെയില്‍വെ ഹോട്ടലുകളുടെ പാട്ടക്കരാര്‍ തിരിമറി നടത്തി പകരം ഭൂമി കോഴയായി വാങ്ങിയെന്ന കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്‌റി ദേവിക്കും മകനും മുന്‍ ഉപമുഖമന്ത്രിയുമായ തേജസ്വി യാദവിനും ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും ദല്‍ഹി പാട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. കേസിലെ മറ്റൊരു പ്രതിയായ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ആരോഗ്യപരമായ കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകാനായില്ല. കേസ് കോടതി നവംബര്‍ 19ന് വീണ്ടും പരിഗണിക്കും. അന്ന് വിഡിയോ കോണ്‍ഫറന്‍സില്‍ ഹാജരാകാനും ലാലുവിനോട് കോടതി ആവശ്യപ്പെട്ടു.
ലാലുവിന്റെ കുടുംബവും ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി) ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പുരിയിലേയും റാഞ്ചിയിലേയും രണ്ട് റെയില്‍വെ ഹോട്ടലുകളുടെ പാട്ടക്കരാറില്‍ തിരിമറി നടത്തി സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് നടത്തിപ്പ് അവകാശം കൊടുക്കുകയും പകരം ഇവരില്‍ നിന്ന് ഭൂമി കോഴയായി വാങ്ങിയെന്നുമാണ് കേസ്. വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സുജാത ഹോട്ടല്‍ തങ്ങളുടെ ഭൂമി 2005ല്‍ തുച്ഛമായ വിലയ്ക്ക് ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനിക്ക് കൈമാറി. ആര്‍.ജെ.ഡി എം.പിയും ലാലുവുമായി ഏറ്റവും അടുപ്പമുള്ള നേതാവുമായ പി.സി ഗുപ്തയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡിലൈറ്റ് മാര്‍ക്കറ്റിങ്. ഈ കമ്പനി പിന്നീട് ഭൂമിയുടെ വലിയൊരു ശതമാനവും തുച്ഛം വിലയ്ക്കുള്ള ഓഹരി വാങ്ങലിലൂടെ റാബ്‌റി ദേവിയും മകന്‍ തേജസ്വി യാദവും സ്വന്തമാക്കുകയായിരുന്നു. ഈ ഭുമി വാങ്ങാന്‍ മുടക്കിയ പണത്തിന്റെ സ്രോതസ്സാണ് സംശയങ്ങള്‍ക്കിടയാക്കിയത്. പി.സി ഗുപ്തയുമായി ബന്ധമുള്ള 151 ഗ്രൂപ്പ് കമ്പനികളിലൂടെയാണ് ഈ പണം വെളുപ്പിച്ചെടുത്തതെന്നും കുറ്റപത്രം പറയുന്നു.