ന്യൂദല്‍ഹി- ആശ്രമത്തിലെ പുരുഷന്മാരെ കൂട്ട ഷണ്ഠീകരണം നടത്തിയെന്ന കേസില്‍ ദേര സച്ച സൗധ മേധാവി ഗുര്‍മീത് റാം റഹീമിന് സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ബലാത്സംഗ കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഇയാള്‍ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല.
വിവാദ ദിവ്യന്റെ ആശ്രമത്തിലെ സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാന്‍ 400-ലേറെ ശിഷ്യന്മാരുടെ ലൈംഗിക ശേഷി ഇല്ലാതാക്കിയെന്നാണ് കേസ്. പങ്കജ് ഗാര്‍ഗ്, എം.പി.സിംഗ് എന്നീ ഡോക്ടര്‍മാരേയും റാം റഹീമിനോടൊപ്പം ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിര്‍ദേശ പ്രകാരം 2015 ലാണ് സി.ബി.ഐ കേസെടുത്തിരുന്നത്. ദേരാ സമുച്ചയത്തില്‍ വെച്ച് 400 അനുയായികളെ ഷണ്ഠീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലെ ഹന്‍സ് രാജ് ചൗഹാനാണ് 2012 ജൂലെയില്‍ കോടതിയെ സമീപിച്ചത്. ദൈവവുമായി വിലയം പ്രാപിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുരുഷന്മാരെ ഷണ്ഠീകരണ പ്രക്രിയക്ക് വിധേയരാക്കിയിരുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
15 വര്‍ഷം മുമ്പ് ബലാത്സംഗം ചെയ്തുവെന്ന ശിഷ്യകളുടെ പരാതിയിലാണ് പാഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മീത് റാം റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.