Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ട്രാഫിക് പോലീസുകാരനെ ആക്രമിച്ച പ്രതികൾക്ക് പരസ്യമായി ചാട്ടയടി നൽകി-Video

ജിദ്ദ- (www.malayalamnewsdaily.com) അൽഹംറ ഡിസ്ട്രിക്ടിൽ കോർണിഷ് റോഡിൽ ട്രാഫിക് പോലീസുകാരനെ ആക്രമിക്കുകയും ക്വാഡ് ബൈക്ക് ഉപയോഗിച്ച് ഇടിച്ചു തെറിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾക്ക് പരസ്യമായി ചാട്ടയടി നൽകി. അക്രമ സംഭവം അരങ്ങേറിയ അതേ സ്ഥലത്തു വെച്ചാണ് പ്രതികൾക്ക് ചാട്ടയടി നടപ്പാക്കിയത്. കേസിലെ പ്രതികളായ സൗദി പൗരനും മൂന്നു ഛാഢുകാർക്കുമാണ് കഴിഞ്ഞ ദിവസം ചാട്ടയടി നടപ്പാക്കിയത്. പ്രതികൾക്ക് പല തവണയായി ശിക്ഷ നടപ്പാക്കുന്നതിന് കോടതി ഉത്തരവിട്ടിരുന്നു. 
കേസിൽ ആകെ ഏഴു പ്രതികളാണുള്ളത്. ഇക്കൂട്ടത്തിൽ മൂന്നു പേർ ഛാഢുകാരും രണ്ടു പേർ യെമനികളും ഒരാൾ നൈജീരിയക്കാരനും ഒരാൾ സൗദി പൗരനുമാണ്. ഇവർക്കെല്ലാവർക്കും കൂടി എൺപത് വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. മുഖ്യപ്രതിക്ക് പതിനെട്ടു വർഷം തടവും 1,800 ചാട്ടയടിയും രണ്ടും മൂന്നും പ്രതികൾക്ക് പതിനാറു വർഷം തടവും 1,600 ചാട്ടയടിയും വീതവും നാലാം പ്രതിക്ക് പതിനഞ്ചു വർഷം തടവും 1,500 ചാട്ടയടിയും അഞ്ചും ആറും ഏഴും പ്രതികൾക്ക് അഞ്ചു വർഷം തടവും 500 ചാട്ടയടിയും വീതമാണ് കോടതി വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ആറു വിദേശികളെയും നാടു കടത്തുന്നതിനും കോടതി ഉത്തവിട്ടിട്ടുണ്ട്. 
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെയുമാണ് ക്വാഡ് ബൈക്ക് യാത്രികൾ ആക്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച പ്രതിയെ തടയുന്നതിന് ശ്രമിക്കുന്നതിനിടെ പ്രതികളിൽ ഒരാൾ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ക്വാഡ് ബൈക്ക് ഉപയോഗിച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദേശത്ത് അഴിഞ്ഞാടിയ ക്വാഡ് ബൈക്ക് യാത്രികർ വീണ്ടും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയും മറ്റും ഇടിച്ചു തെറിപ്പിക്കുന്നതിന് ശ്രമിച്ചു. വിവരമറിഞ്ഞ് പോലീസ് സേന സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തിലെ കെട്ടിടത്തിൽ നിന്ന് സൗദി വനിത ചിത്രീകരിച്ച് സാമൂഹിക മാധ്യങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുന്നതിന് മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഉത്തരവിട്ടിരുന്നു. വൈകാതെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചു. (www.malayalamnewsdaily.com)

Latest News