Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥികളുടെ കൊലപാതകം; തൃണമൂലിനോട് തെളിവ് ചോദിച്ച് ആര്‍.എസ്.എസ്

പാര്‍ഥ ചാറ്റര്‍ജി
കൊല്‍ക്കത്ത- രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനുപിന്നില്‍ ആര്‍.എസ്.എസാണെന്ന് ആരോപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജിക്ക് വക്കീല്‍ നോട്ടീസ്. നോര്‍ത്ത് ദിനാജ്പുര്‍ ജില്ലയിലെ ഇസ്ലാംപുര്‍ പ്രദേശത്ത് കഴിഞ്ഞ മാസം രണ്ട് വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്നായിരുന്നു തൃണമൂല്‍ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. പോലീസ് വെടിവെപ്പിലല്ല വിദ്യാര്‍ഥികള്‍ മരിച്ചതെന്നാണ് അദ്ദേഹം വിശദീകരിച്ചിരുന്നത്.
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന വിവരം എങ്ങനെ ലഭിച്ചുവെന്ന് ചോദിച്ചുകൊണ്ടാണ് ആര്‍.എസ്.എസിന്റെ നോട്ടീസ്. ആര്‍.എസ്.എസ് ആണെന്ന് തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ആര്‍.എസ്.എസ് നേതാവ് ജിസ്‌നു ബാഷ് പറഞ്ഞു.
ഇസ്ലാംപുരിലെ ദാരിഭിത് ഹൈസ്‌കൂളില്‍ നടന്ന ഉര്‍ദു, സംസ്‌കൃത അധ്യാപക റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 20 ന് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയ സംഭവത്തിലാണ് കോളേജ് വിദ്യാര്‍ഥി തപസ് ബര്‍മന്‍, ഐ.ടി.ഐ വിദ്യാര്‍ഥി രാജേഷ് സര്‍ക്കാര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ആര്‍.എസ്.എസും ബി.ജെ.പിയും ഗൂഡാലോചന നടത്തിയാണ് വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണ് ബി.ജെ.പി.

Latest News