ശ്രീനഗര്‍- ജമ്മു കശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം കൂടി ശേഷിക്കെ ശ്രീനഗറില്‍ രണ്ടു നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ശ്രീനഗറിലെ കര്‍ഫലി മൊഹല്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എ ശമീമ ഫിര്‍ദൗസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന നസിര്‍ അഹ്മദ് ഭട്ട്, മുഷ്താഖ് അഹ്മദ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ശകീല്‍ അഹ്മദ് സന്‍ഗൂവിനെ പരിക്കുകളോടെ ആശുപത്രിയിലാക്കിയതായി ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍ അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച് മുന്‍ മുഖ്യമന്ത്രിയും പാര്‍്ട്ടി നേതാവുമായി ഉമര്‍ അബ്ദുല്ല രംഗത്തെത്തി. എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായി പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും ആക്രമണത്തെ അപലപിച്ചു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്. ഒക്ടോബര്‍ 10, 13, 16 തീയതികളിലായി ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പും നടക്കും. ഒക്ടോബര്‍ 20നാണ് വോട്ടെണ്ണല്‍. നാലു ഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുള്ളത് 17 ലക്ഷം പേര്‍ക്കാണ്. നഗരസഭകളില്‍ പലയിടത്തും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചതോടെ കശ്മീരില്‍ എഴുപതോളം സീറ്റുകളില്‍ ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കശ്മീരില്‍ ഏഴ് നഗരസഭകളില്‍ ബി.ജെ.പി മുന്നിലെത്തുമെന്നാണ് കരുതപ്പെടുന്നത്.