ന്യൂദൽഹി- ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ടെലിവിഷൻ അവതാരകനും നിർമാതാവുമായ ഷുഹൈബ് ഇല്യാസിയെ വെറുതെവിട്ടു. ഇന്ത്യാ, മോസ്റ്റ് വാണ്ടഡ് എന്ന ടെലിവിഷൻ ക്രൈം ഷോയിലൂടെ പ്രശസ്തനായ ഷുഹൈബ് ഇല്യാസിയെ പതിനെട്ട് വർഷം പഴക്കമുള്ള കേസിലാണ് വെറുതെവിട്ടത്. നേരത്തെ കീഴ്‌ക്കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 2000 ജനുവരി 11നാണ് ഇദ്ദേഹത്തിന്റെ ഭാര്യ അഞുജു ഇല്യാസി മരിച്ചത്. കുത്തേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പിന്നീട് അഞ്ജുവിന്റെ അമ്മയും സഹോദരിയും ഇല്യാസിക്കെതിരെ പോലീസിൽ പരാതി നൽകി. സ്ത്രീധനം ആവശ്യപ്പെട്ട് ഇല്യാസി മകളെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. പരാതി അന്വേഷിച്ച പോലീസ് 2000 മാർച്ച് 28ന് ഇല്യാസിയെ അറസ്റ്റ് ചെയ്തു.
കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു ഇല്യാസി വാദിച്ചത്. ഈ വർഷമാദ്യം ഇല്യാസിക്ക് കോടതി നാലാഴ്ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അസുഖബാധിതയായ രണ്ടാം ഭാര്യയെ പരിചരിക്കാൻ വേണ്ടിയായിരുന്നു ജാമ്യം അനുവദിച്ചത്.